g-v-raja-award
g v raja award

തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി.രാജ പുരസ്‌കാരത്തിന് പുരുഷ വിഭാഗത്തിൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ ജേതാവായ അത്‌ലറ്റ് മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി.സി. തുളസിയും അർഹരായി. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണ് തുളസിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡെന്ന് കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലോംഗ് ജംപ് പരിശീലകൻ ടി.പി. ഔസേഫിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാർഡ്. മികച്ച കായിക പരിശീലകനുള്ള അവാർഡ് ഫുട്‌ബോൾ പരിശീലകൻ സതീവൻ ബാലന് ലഭിച്ചു. 13 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിന് നേടിക്കൊടുത്തതും അന്തർസർവകലാശാല ഫുട്‌ബോൾ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് ഹാട്രിക്ക് കിരീടവും നേടിക്കൊടുത്ത പരിശീലകനാണ് സതീവൻ ബാലൻ. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാർഡ്. കോളേജ് തലത്തിലെ കായിക അദ്ധ്യാപകനുള്ള അവാർഡ് കണ്ണൂർ എസ്.എൻ. കോളേജിലെ ഡോ. കെ. അജയകുമാറിനാണ്. 50,​000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

സ്‌പോർട്‌സ് ഹോസ്റ്റൽ സ്‌കൂൾ തലത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ അത്‌ലറ്റ് സാന്ദ്ര ബാബു അർഹയായി. 50,​000 രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാർഡ്. സ്‌പോർട്‌സ് ഹോസ്റ്റൽ കോളേജ് തലത്തിൽ പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജിലെ അത്‌ലറ്റ് നിബിൻ ബൈജു അർഹനായി. സ്‌പോർട്‌സ് ഹോസ്റ്റൽ കോളേജ് തലത്തിൽ വനിതാ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജിലെ അത്‌ലറ്റ് വി.കെ വിസ്മയയും അർഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. സ്‌കൂൾതലത്തിലെ മികച്ച കായികാദ്ധ്യാപകനായി പാലക്കാട് മാത്തൂർ സി.എഫ്.ഡി.എച്ച്. എസിലെ കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തു. 50,​000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളിനുള്ള അവാർഡ് പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളും നേടി. 50,​000 രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാർഡ്.

സ്‌പോർട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം ബി.ടി.സിജിൻ, ഡോ. ആർ. ഇന്ദുലേഖ എന്നിവർ രചിച്ച 'ഒരു ഫുട്‌ബോൾ ഭ്രാന്തന്റെ ഡയറിക്കാണ്'. 50,000 രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാർഡ്. അച്ചടി മാദ്ധ്യമ വിഭാഗത്തിൽ ദീപിക പത്രത്തിലെ തോമസ് വർഗീസും ദൃശ്യ മാദ്ധ്യമവിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ജോബി ജോർജ്ജും ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനിയുടെ ജഗത് ലാലും മാദ്ധ്യമ അവാർഡുകൾക്ക് അർഹരായി. 50,​000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, സെക്രട്ടറി സഞ്ജയൻ കുമാർ, മറ്റ് ജൂറി അംഗങ്ങൾ തുടങ്ങിയവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

ആൻസി സോജന് 15,​000 രൂപ നൽകും

ദേശീയ സീനിയർ സ്‌കൂൾ മീറ്റിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കായികതാരം ആൻസി സോജന് പരിശീലനത്തിനായി പ്രതിമാസം 15,​000 രൂപ നൽകും. എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിൽ ഉൾപ്പെടുത്തി പ്രതിദിനം 500 രൂപ എന്ന നിലയിലാണ് തുക നൽകുക.