velliyazhchakav-palam

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വെള്ളിയാഴ്ചക്കാവ് പാലം അപകടാവസ്ഥയിലായിട്ടും നവീകരണപ്രവർത്തനങ്ങൾ നടത്താത്തതിൽ പ്രതിഷേധം ശക്തം. വർക്കലയിൽ നിന്നും കവലയൂർ വഴി ആറ്റിങ്ങലേക്ക് പോകുന്ന പ്രധാന റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്.
പാലം വീതികൂട്ടി പുതുക്കി പണിയണമെന്ന നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പൊതുമരാമത്ത് വകുപ്പും മാറിമാറി വരുന്ന ജനപ്രതിനിധികളും പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും നവീകരണം ഉടൻ നടത്തുമെന്ന പ്രഖ്യാപനങ്ങൾ നടത്തി പോകുന്നതല്ലാതെ തുടർനടപടികൾ ഒന്നും ഉണ്ടാകുന്നില്ല.

പാലത്തിലൂടെ വലിയവാഹനം കടന്നുപോകുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാകും. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. സർവീസ് ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഈ ഇടുങ്ങിയ പാലത്തിലൂടെ കടന്നു പോകുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കടക്കുവാൻ കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. ഇടറോഡിൽ നിന്നും ചെറിയ കയറ്രം കയറി എത്തുന്ന വാഹനങ്ങൾ പാലത്തിൽ ഇടയ്ക്കിടെ അപകടങ്ങൾ വരുത്താറുണ്ട്. പാലം പുതുക്കി പണിയാൻ ഏതാനും വർഷങ്ങൾക്ക് മുൻപ് ശ്രമം ഉണ്ടായെങ്കിലും നടന്നില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തി വെന്നികോട് - ചെറുന്നിയൂർ - വെള്ളിയാഴ്ചക്കാവ് വഴി കവലയൂർ ഭാഗത്തേക്ക് റോഡ് നവീകരണം നടത്തിയിരുന്നു. എന്നാൽ വെളളിയാഴ്ചക്കാവ് പാലം നവീകരണം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. പാലത്തിന്റെ നവീകരണം പ്രത്യേക പദ്ധതിയിലുൾപ്പെടുത്തുമെന്ന് പറഞ്ഞിട്ടും നവീകരണം എങ്ങുമെത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.