mullappally-ramachandran
MULLAPPALLY RAMACHANDRAN

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും ചില സെൻസസ് ഉദ്യോഗസ്ഥർ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എൻ.പി.ആർ) മുന്നോട്ട് പോകുന്നതായി പരാതി. എൻ.പി.ആർ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നടപടി തട്ടിപ്പാണെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ആരോപണത്തോടെ ഇതുസംബന്ധിച്ച രാഷ്ട്രീയവിവാദം വീണ്ടും തലപൊക്കി. അതേസമയം എൻ.പി.ആറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർമാർക്കയച്ച അടിയന്തര സന്ദേശത്തിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിർദ്ദേശിച്ചു.

എൻ.പി.ആർ സംബന്ധിച്ച എല്ലാ നടപടികളും സർക്കാർ സ്റ്റേ ചെയ്‌തിട്ടുണ്ടെന്ന് ജ്യോതിലാലിന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. 2021ലെ സെൻസസ് നടപടി സംബന്ധിച്ച അറിയിപ്പ് നൽകുന്നതിനിടയ്‌ക്ക് ചില ഉദ്യോഗസ്ഥർ എൻ.പി.ആർ പുതുക്കുന്ന കാര്യം പരാമർശിച്ച സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഉറപ്പ്

പാ‌ഴ്‌വാക്കായി: മുല്ലപ്പള്ളി

ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാൻ കേരളത്തിൽ നീക്കം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കളക്ടർമാരുടെ നിർദ്ദേശപ്രകാരം ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർമാർ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കത്തു നൽകുകയാണ്. സർക്കാരിന്റെ നിർദ്ദേശമില്ലാതെ കളക്ടർമാർക്ക് ഇത്തരമൊരു വിവാദനടപടി സ്വീകരിക്കില്ല. എൻ.പി.ആർ പുതുക്കുന്ന നടപടികൾ നിറുത്തിവച്ചെന്നു മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടയിലാണ് സർക്കാർ സംവിധാനങ്ങൾ അതിനുവേണ്ടി തയാറെടുക്കുന്നത്. ഏപ്രിൽ 15 മുതൽ മേയ് 29 വരെയാണ് പുതുക്കൽ നടത്തുകയെന്നു കത്തിൽ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഉറപ്പെല്ലാം പച്ചക്കള്ളമാണെ് വ്യക്തം. മോദി സർക്കാർ പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന പിണറായി പൗരത്വരജിസ്റ്റർ പുതുക്കുന്നതിലും തങ്ങൾ മുൻനിരയിലുണ്ടെന്ന സന്ദേശമാണ് നല്കുന്നത്. കേരളത്തിന് അർഹിക്കുന്ന പ്രളയ സഹായവും ജി.എസ്.ടി വിഹിതവും നിഷേധിച്ചിട്ടും അതിനെതിരെ പ്രതിഷേധിക്കാൻ മോദിഭക്തി മൂലം സാധിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.