tp-peethambaran-master

തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനായി നിലവിൽ താത്കാലിക ചുമതല വഹിക്കുന്ന ടി.പി. പീതാംബരൻ തുടരും. ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽസെക്രട്ടറി പ്രഫുൽ പട്ടേൽ മുംബയിൽ വിളിച്ചുചേർത്ത കേരളത്തിൽ നിന്നുള്ള നേതാക്കളുടെ യോഗത്തിലാണ് ഈ ധാരണയായത്. അടുത്ത ഡിസംബർ വരെയാണ് കാലാവധി. അതുകഴിഞ്ഞ് അടുത്ത സംഘടനാ തിരഞ്ഞെടുപ്പ് നടക്കണം. മറ്റ് തീരുമാനങ്ങൾ യോഗത്തിലുണ്ടായില്ലെങ്കിലും ഫലത്തിൽ എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുമെന്നുറപ്പായി.

എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി സംസ്ഥാന അദ്ധ്യക്ഷ പദം നൽകുകയും പകരം മാണി സി. കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുക എന്ന ഫോർമുല പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നതായി നേരത്തേ അഭ്യൂഹങ്ങളുയർന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നര വർഷം ശേഷിക്കെ, ഇപ്പോൾ മന്ത്രിയെ മാറ്റുന്നത് പാർട്ടിക്കോ മുന്നണിക്കോ ഗുണം ചെയ്യില്ലെന്നാണ് നേതൃയോഗത്തിന്റെ വിലയിരുത്തൽ. എം.എൽ.എ ആയി തുടരുന്നതിൽ തൃപ്തനാണെന്ന് മാണി സി.കാപ്പനും നേതൃത്വത്തെ ധരിപ്പിച്ചു. പാർട്ടി നിയമസഭാ കക്ഷി നേതാവായി മാണി സി.കാപ്പനെ നേരത്തേ നിശ്ചയിച്ചിരുന്നു.