തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങളെ തച്ചുതകർക്കുന്ന പൗരത്വ നിയമം പിൻവലിക്കണമെന്ന് എസ്.എഫ്‌.ഐ സംസ്ഥാന കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്യാർത്ഥിസമരങ്ങളെ കേന്ദ്രസർക്കാർ അടിച്ചൊതുക്കുകയാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥിസമൂഹത്തെ അമർച്ച ചെയ്യാനാകില്ലെന്നും കേന്ദ്രം നിയമം പിൻവലിക്കുംവരെ അതിശക്തമായ സമരങ്ങൾക്ക് എസ്.എഫ്‌.ഐ നേതൃത്വം നൽകുമെന്നും പ്രമേയത്തിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം. വിദ്യാഭ്യാസ മേഖലയിലെ വർഗീയ, സ്വകാര്യവത്കരണം ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പാളയം അയ്യങ്കാളി ഹാളിൽ നടന്ന കൺവെൻഷൻ എസ്.എഫ്‌.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ വിദ്യാർത്ഥി സമരങ്ങൾക്ക് ലോകം സാക്ഷിയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിൻദേവ് സംഘടന കരട് രേഖ അവതരിപ്പിച്ചു. അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, സംസ്ഥാന ജോയിന്റ് സെക്രട്ടറി രഹ്‌ന സബീന എന്നിവർ സംസാരിച്ചു.