തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് മുതൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ചേരും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും നിയമം റദ്ദാക്കാനഭ്യർത്ഥിച്ച് നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്ത ആദ്യ സംസ്ഥാന സർക്കാരെന്ന നിലയിൽ ഇവിടെ നടക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളിലാവും മുഴുവൻ രാഷ്ട്രീയ ശ്രദ്ധയും. പൗരത്വ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആഞ്ഞടിച്ചതും യോഗം തുടങ്ങുന്നതിന് തലേന്നാണ്.
കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കേരള സർക്കാരിനോട് പക തീർക്കുന്നതിന്റെ ഭാഗമായാണ് പ്രളയ സഹായമടക്കം മോദി സർക്കാർ നിഷേധിച്ചതെന്നാണ് കഴിഞ്ഞ പി.ബി യോഗം കുറ്റപ്പെടുത്തിയത്. അതിന്റെ തുടർ ചർച്ചകൾ യോഗത്തിലുണ്ടാകും. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള വിശാല മതനിരപേക്ഷ ഐക്യം വേണോ എന്നതിനെച്ചൊല്ലി കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ രണ്ട് തട്ടിലായി നിന്ന സി.പി.എം നേതൃത്വം, ഇപ്പോൾ യോജിച്ച പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയ യോഗത്തിൽ പങ്കെടുത്തിരിക്കുന്നു.. .
കേവലം പൗരത്വ വിഷയത്തിനപ്പുറത്തേക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയത്തിനും അമിതാധികാരത്തിനും ഭൂരിപക്ഷ വർഗ്ഗീയത അടിച്ചേല്പിക്കാനുള്ള നീക്കങ്ങൾക്കുമെതിരെ ശക്തമായ പോർമുഖം തുറക്കണമെന്ന സമീപനമാണ് സി.പി.എമ്മിന്. ഇതിനുള്ള വിശാലമായ പരിപാടികളാവും കേന്ദ്രകമ്മിറ്റി മുഖ്യമായും ചർച്ച ചെയ്യുകയെന്ന് മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു.അതേസമയം, സമരമുഖം ഈ നിലയിൽ പോരെന്ന വിമർശനം പാർട്ടിയിലെ വിദ്യാർത്ഥി, യുവജന വിഭാഗങ്ങൾക്കിടയിലുണ്ട്. കരിനിയമമായ യു.എ.പി.എ ചുമത്തി രണ്ട് യുവാക്കൾ ഇവിടെ അറസ്റ്റിലായ സംഭവം ചർച്ചകളിലുയരുമോയെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. മൂന്ന് വർഷത്തിന് ശേഷമാണ് കേന്ദ്രകമ്മിറ്റി ഇവിടെ ചേരുന്നത്. സമാപന ദിവസമായ 19ന് തലസ്ഥാനത്ത് പൗരത്വവിഷയത്തിൽ സി.പി.എം റാലി നടത്തും.