തിരുവനന്തപുരം: ബലൂൺ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന നാടോടി യുവതിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും. രാജസ്ഥാൻ സ്വദേശി സബറിന് (22) സൗജന്യ ചികിത്സ ലഭ്യമാക്കാൻ മന്ത്രി കെ.കെ. ശൈലജ സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിന് നിർദേശം നൽകി. വി. കെയർ പദ്ധതി വഴിയാണ് ചികിത്സ ലഭ്യമാക്കുന്നത്. നാടോടി യുവതിയുടെ ജീവൻ രക്ഷിക്കാൻ ഒരു ലക്ഷം രൂപ വേണമെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ. ചികിത്സ ഉറപ്പാക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തലവേദനയെ തുടർന്നാണ് സബറിൻ ഒരാഴ്ച മുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ തലയിൽ മുഴ കണ്ടെത്തുകയും തുടർന്ന് അടിയന്തര ശാസ്ത്രക്രിയ നടത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. തലയിൽ രക്തക്കുഴൽ വികസിച്ചുള്ള മുഴയായതിനാൽ ശസ്ത്രക്രിയ്ക്ക് ആവശ്യമായ സൗകര്യം ശ്രീചിത്രയിലാണുള്ളത്. ഒരു ലക്ഷം രൂപയാണ് ചെലവ്. ശ്രീചിത്രയിലെയും വി. കെയർ പദ്ധതി പ്രകാരം സൗജന്യചികിത്സ ലഭിക്കും. ഭർത്താവ് നിസാമുദ്ദീനും രണ്ട് പിഞ്ച് കുഞ്ഞുങ്ങളുമടങ്ങുന്നതാണ് സബറിന്റെ കുടുംബം. സർജറി വിഭാഗത്തിൽ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് സബറിനെ ചികിത്സിക്കുന്നത്.