dhoni

മുംബയ് : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ദേഹത്തെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കി.

നിലവിൽ പ്രതിവർഷം അഞ്ചുകോടി രൂപ പ്രതിഫലമായി നൽകിയിരുന്ന എ ഗ്രേഡ് കരാറിന് ഉടമയായിരുന്ന ധോണിയെ കഴിഞ്ഞ ആറുമാസമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടില്ലാത്തതിനാൽ 2019 ഒക്ടോബർ മുതൽ 2020 സെപ്തംബർ വരെയുള്ള കാലയളവിൽ കരാറിൽനിന്ന് ഒഴിവാക്കുന്നു എന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. എ പ്ളസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറികളിലും ധോണിയെ ഉൾപ്പെടുത്തിയിട്ടില്ല.

2019 ജൂലായ് ഒൻപതിന് ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിനുശേഷം ധോണി ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി കുപ്പായമണിഞ്ഞിട്ടില്ല. ലോകകപ്പിന് ശേഷം നടന്ന പരമ്പരകളിൽ സൈനിക സേവനം മുൻനിറുത്തി ധോണിതന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്നീട് സെലക്ടർമാർ ഋഷഭ് പന്ത് ഉൾപ്പെടെയുള്ള യുവനിരയ്ക്ക് അവസരം നൽകാൻ ധോണിയെ പരിഗണിക്കാതെ ഇരിക്കുകയായിരുന്നു. അതിനിടെ ധോണി ഉടനെ ഏകദിന കരിയർ അവസാനിപ്പിക്കുമെന്നും ഐ.പി.എല്ലിൽ മികവ് കാട്ടിയാൽ ട്വന്റി 20 ലോകകപ്പിൽ കളിക്കുമെന്നും ഇന്ത്യൻ കോച്ച് രവിശാസ്ത്രി പറഞ്ഞിരുന്നു. ധോണി വിരമിക്കുന്നതിനെക്കുറിച്ച് സെലക്ടർമാരുമായി ടീം മാനേജ്മെന്റുമായും ചർച്ച നടത്തിയിട്ടുണ്ടാകുമെന്നും ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സൗരവ് ഗാംഗുലിയും പറഞ്ഞിരുന്നു.

വാർഷിക കരാറിൽനിന്ന് ഒഴിവാക്കപ്പെട്ടതിനാൽ ഇനി ധോണിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ല എന്ന് പറയാനാകില്ല. അതേ സമയം തന്റെ കരിയറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജനുവരി കഴിഞ്ഞ് മറുപടി നൽകുമെന്നാണ് ധോണി നേരത്തെ അറിയിച്ചിരുന്നത്. ഇൗ സീസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് ധോണിയാണ്. അതിനായുള്ള പരിശീലനം ധോണി തുടങ്ങിക്കഴിഞ്ഞു. എന്നാൽ ജാർഖണ്ഡിനായി ഇൗ സീസണിൽ ആദ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ധോണി തയ്യാറായിട്ടില്ല. ഐ.പി.എല്ലിൽ മികവ് കാട്ടിയാൽ ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് കളിച്ച് കരിയർ അവസാനിപ്പിക്കാമെന്നാണ് ധോണിയുടെ കണക്കുകൂട്ടലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അതിനിടയിൽ ഏകദിനത്തിൽനിന്ന് വിരമിച്ചേക്കാനും സാദ്ധ്യതയുണ്ട്.

ഗ്രേഡിംഗ്

പ്രതിവർഷം ഏഴ് കോടിയുള്ള എ പ്ളസ് കരാറിൽ വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ജസ്‌പ്രീത് ബുംറ എന്നിവരെ നിലനിറുത്തിയപ്പോൾ കെ.എൽ. രാഹുലിനെ ബി ഗ്രേഡിൽ നിന്ന് എ ഗ്രേഡിലേക്ക് ഉയർത്തി. സാഹയെ സി ഗ്രേഡിൽനിന്ന് ബിയിലേക്ക് ഉയർത്തിയപ്പോൾ മായാങ്ക് അഗർവാളിന് ബി ഗ്രേഡും ദീപക് ചഹർ, ശാർദ്ദുൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, നവ്‌ദീപ് സെയ്‌നി എന്നിവർക്ക് സി ഗ്രേഡും സമ്മാനിച്ചു. അമ്പാട്ടി റായ്ഡു, ഖലീൽ അഹമ്മദ് , ദിനേഷ് കാർത്തിക് എന്നിവരെയും ധോണിക്കൊപ്പം കരാറിൽനിന്ന് ഒഴിവാക്കി.

എ പ്ളസ് (7 കോടി)

കൊഹ്‌ലി, രോഹിത്, ബുംറ

എ (5 കോടി)

അശ്വിൻ, ജഡേജ, ഭുവനേശ്വർ, പുജാര, രഹാനെ, രാഹുൽ, ധവാൻ, ഷമി, ഇശാന്ത്, കുൽദീപ്, ഋഷഭ് പന്ത്.

ബി ഗ്രേഡ് (3 കോടി)

സാഹ, ഉമേഷ്, ചഹൽ, ഹാർദിക്, മായാങ്ക്

സി ഗ്രേഡ് (1 കോടി)

കേദാർ, നവ്ദീപ്, ദീപക്, മനീഷ്, ഹനുമവിഹാരി, ശാർദ്ദൂൽ, ശ്രേയസ്, വാഷിംഗ്ടൺ.

നിലപാടുകൾ

ധോണിയുടെ വിരമിക്കലിനെപ്പറ്റിയുള്ള നിലപാടുകൾ

ഞങ്ങൾ ഇപ്പോൾ ധോണിയെക്കുറിച്ചല്ല, അദ്ദേഹത്തിന് പകരം ഒരാളെ ആസ്ഥാനത്തേക്ക് ഉയർത്താനാണ് ശ്രമിക്കുന്നത്. ഋഷഭ് പന്ത്, ധോണിയുടെ പിൻഗാമിയാകാൻ യോഗ്യതയുള്ള കളിക്കാരനാണ്. ഋഷഭിന് പരമാവധി അവസരങ്ങൾ നൽകും.

എം.എസ്.കെ. പ്രസാദ്

ചീഫ് സെലക്ടർ

ധോണിയെപ്പോലെ മഹാനായ കളിക്കാരന് എപ്പോൾ വിരമിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തെ ഒന്നിനും നിർബന്ധിക്കില്ല. തന്റെ ഭാവിയെക്കുറിച്ച് ഇതിനകം ധോണി സെലക്ടർമാരും ടീം മാനേജ്മെന്റുമായും സംസാരിച്ചിട്ടുണ്ടാകും.

സൗരവ് ഗാംഗുലി

ബി.സി.സി.എ പ്രസിഡന്റ്

ധോണി ഏകദിന കരിയർ ഉടൻ അവസാനിപ്പിക്കാനാണ് സാദ്ധ്യത. ട്വന്റി 20 കരിയർ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ട്വന്റി 20 ലോകകപ്പിൽ തീർച്ചയായും ധോണിയെ പരിഗണിക്കും.

രവി ശാസ്ത്രി

ഇന്ത്യൻ കോച്ച്.