തിരുവനന്തപുരം: ശാസ്‌തമംഗലത്ത് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന കാർ ഫോറൻസിക് സംഘം പരിശോധിച്ചു. വാഹനത്തിൽ ആഘാതങ്ങളൊ കേടുപാടുകളോ കണ്ടെത്താനായില്ല. അപകടത്തിന് ശേഷം കാറിൽ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ടോ എന്നും വ്യക്തമായില്ല. കാറിൽ നിന്നു ശേഖരിച്ച ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ അന്തിമ തീരുമാനത്തിലെത്താനാകൂവെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. കാറിന്റെ ചില ഭാഗങ്ങളിൽ ചെറിയ ഉരസലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ അടുത്തിടെയുണ്ടായതല്ലെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. ഈ ഭാഗങ്ങളിലുണ്ടായിരുന്ന അവശിഷ്ടങ്ങൾ ഫോറൻസിക് സംഘം പരിശോധനയ്ക്കായി ശേഖരിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ പെയിന്റോ രക്തക്കറയോ കാറിലുണ്ടോയെന്നാണ് പരിശോധിക്കുക. രാജ്ഭവനിലെ ജീവനക്കാരനായ സനാതനൻ എന്നയാളിന്റേതാണ് ചാരനിറത്തിലുള്ള എസ്റ്റിലോ കാർ. ആർ.ടി. ഓഫിസിൽ നിന്നു ലഭിച്ച കാറുകളുടെ വിവരങ്ങളും സി.സി.ടി.വി ദ്യശ്യങ്ങളിലെ ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് വാഹനം കണ്ടെത്തിയത്. കാർ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ബൈക്ക് യാത്രക്കാരനെയോ, കാൽനട യാത്രക്കാരനെയോ തട്ടിയിട്ടില്ലെന്നുമാണ് ഉടമ പൊലീസിന് മൊഴി നൽകിയട്ടുള്ളത്. ബൈക്ക് മുന്നിൽ തെറിച്ചുവീഴുന്നത് കണ്ടിരുന്നതായും ഇദ്ദേഹം പറഞ്ഞു.