
കിളിമാനൂർ: അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഏത് പ്രക്ഷോഭത്തിന്റെയും മുന്നണി പോരാളികളാവുന്നതെന്ന് എൽ .ഡി .എഫ് കൺവീനർ എ .വിജയരാഘവൻ. കെ.എസ്.ടി.എ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഫാസിസത്തിനെതിരെ മതേതരകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യത്തിനെതിരെ അദ്ധ്യാപക, വിദ്യാർത്ഥിസമൂഹം തന്നെയാണ് മുന്നിൽ നിന്ന് പൊരുതുന്നത്. അടിയന്തരാവസ്ഥയെ എതിർത്ത് തോൽപ്പിച്ച ജനാധിപത്യ സംരക്ഷകരുടെ ഒത്തിരി കൂട്ടങ്ങൾ കാണാനാകും അത്തരം പോരാട്ടങ്ങളാണ് രാജ്യത്തുടനീളം ഉണ്ടായി വരുന്നെതെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ മുഖ്യപ്രഭാഷകനായി. മുൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റജി, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ പി.വി. രാജേഷ്, എ. നജീബ്, സിജോവ് സത്യൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.എസ്. പ്രശാന്ത് സ്വാഗതവും ഉപജില്ലാ സെക്രട്ടറി എസ് .സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി മഹാേദേവേശ്വരം മുതൽ പ്രൈവറ്റ് ബസ്സ്റ്റാന്റ് വരെ അദ്ധ്യാപകരുടെ ഭരണഘടനാ സംരക്ഷണ ജാഥ നടന്നു. സന്ധ്യയോടെ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാലയും തെളിയിച്ചു. സംസ്ഥാന കലോത്സവ ജേതാവ് ശിവപ്രിയ പ്രതിഷേധ ചുവരിൽ ചിത്രം വരച്ചു. ബാലകവയത്രി ദിയ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലിക്കൊടുത്തു. പ്രതിഷേധ ജ്വാലയ്ക്കൊപ്പം ആസാദി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പരിപാടി സമാപിച്ചത്.