രാജ്കോട്ട് : ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവിയിൽ നിന്ന് കരകയറാൻ ഇന്ത്യയ്ക്ക് കഴിയുമോ? വാങ്കഡെയിലെ വമ്പൻ വിജയം നൽകിയ ലഹരിയിൽ ആസ്ട്രേലിയ രാജ്കോട്ടും കീഴടക്കി പരമ്പര കിരീടമണിയുമോ?
കഴിഞ്ഞവർഷം ആസ്ട്രേലിയയ്ക്കെതിരെ സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റിരുന്ന ഇന്ത്യ പുതുവർഷത്തിലും അത്തരമൊരു അത്യാഹിതമൊഴിവാക്കാൻ ഇന്ന് രണ്ടുംകല്പിച്ച് രാജ്കോട്ടിൽ കംഗാരുക്കൾക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ്. ഇന്നുകൂടി ജയിച്ചാൽ കിരീടം സ്വന്തമാക്കാമെന്നതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആരോൺ ഫിഞ്ച് തന്റെ സൈന്യത്തെ വിന്യസിക്കുന്നത്.
മുംബയിൽ നടന്ന ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 255 റൺസിന് ആൾ ഒൗട്ടായപ്പോൾ ഒാസീസ് ഒറ്റ വിക്കറ്റുപോലും കളയാതെ 37.4 ഒാവറിൽ ലക്ഷ്യം കാണുകയായിരുന്നു. ഒാപ്പണർമാരായ വാർണറും (128 നോട്ടൗട്ട്), ആരോൺ ഫിഞ്ചും (110 നോട്ടൗട്ട്) നേടിയ സെഞ്ച്വറികളാണ് ഒാസീസിന് വമ്പൻ വിജയം നൽകിയത്.
രാജ്കോട്ടിൽ ആസ്ട്രേലിയ വിന്നിംഗ് ഇലവനെ നിലനിറുത്താൻ സാദ്ധ്യതയുള്ളപ്പോൾ ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ നഷ്ടമാകും. മുംബയ്ൽ ബൗൺസർ കൊണ്ട് തലയ്ക്ക് പരിക്കേറ്റ ഋഷഭിന് പകരം കെ.എൽ. രാഹുൽ തന്നെ ഇന്ന് വിക്കറ്റ് കീപ്പറാകും. ഋഷഭ് പന്തിന് പകരം മനീഷ പാണ്ഡെയെ ഇന്ന് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. ആൾ റൗണ്ടർ ശിവം ദുബെ, കേദാർ യാദവ് എന്നിവരിൽ ഒരാളെ ഇന്ന് കളിപ്പിക്കാനും സാദ്ധ്യതയുണ്ട്.
ഫസ്റ്റ് ഡൗൺ കൊഹ്‌ലി
കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഫസ്റ്റ് ഡൗൺ പൊസിഷനിൽ ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് പകരം നടത്തുന്ന പരീക്ഷണങ്ങൾ ഇന്ത്യ അവസാനിപ്പിച്ചേക്കും. മൂന്നാം നമ്പരിലേക്ക് കൊഹ്‌ലി മടങ്ങിവരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ കളിയിൽ മൂന്നാമനായി ഇറങ്ങിയ രാഹുൽ ഇന്ന് മദ്ധ്യനിരയിലേക്ക് മാറും. രോഹിതും ധവാനും ചേർന്നാകും ഒാപ്പണിംഗ്. ധവാൻ കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി (74) നേടിയിരുന്നു. നാലാമനായി ശ്രേയസ് അയ്യർ തന്നെയാകും. ശ്രേയസും രോഹിതും ഫോമിലേക്ക് ഉയർന്നാൽ മികച്ച സ്കോർ ഉയരുമെന്നുതന്നെയാണ് ഇന്ത്യൻ ക്യാമ്പിലെ പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തിൽ ആകെ നിറംകെട്ട ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മാനം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. ബുംറ, ഷമി, ശാർദ്ദൂൽ എന്നീ പേസർമാരും കുൽദീപ്, ജഡേജ എന്നീ സ്പിന്നർമാരുമുണ്ടായിട്ടും വാർണറുടെ ഫിഞ്ചിന്റെയും ബാറ്റിന്റെ ചൂട് മാത്രമേ ഇന്ത്യ അറിഞ്ഞിരുന്നുള്ളൂ. സ്റ്റീവ് സ്മിത്ത്, ലബുഷാംഗെ, അലക്സ് കാരേ, ടർണർ തുടങ്ങിയ ഭീകരൻമാരും കംഗാരു ക്യാമ്പിലുണ്ട്. സ്റ്റാർക്ക്-കമ്മിൻസ്-റിച്ചാർഡ് സൺ പേസ് ത്രയം ഇന്ത്യൻ പിച്ചുകളിലും മികവ് കാട്ടാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞു.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ
ധവാൻ, രോഹിത്, രാഹുൽ, കൊഹ്‌ലി, ശ്രേയസ് , കേദാർ യാദവ്/മനീഷ് പാണ്ഡെ, ജഡേജ, ശാർദ്ദൂൽ, കുൽദീപ്/ചഹൽ/ശിവംദുബെ, ഷമി/സെയ്‌നി, ബുംറ.
ആസ്ട്രേലിയ
ഫിഞ്ച്, വാർണർ, ലബുഷാംഗെ, സ്മിത്ത്, കാരേയ്, ടർണർ കമ്മിൻസ്, സ്റ്റാർക്ക് റിച്ചാർഡ്സൺ, ആദം സാംപ, ആഷ്ടൺ ആഗർ.
സ്വന്തം മണ്ണിൽ ആസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായി നാല് ഏകദിനങ്ങൾ തോറ്റിരിക്കുകയാണ് ഇന്ത്യ.
. രാജ്കോട്ടിൽ ഇതിന് മുമ്പ് കളിച്ച രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല.
. 2013 ൽ ഇംഗ്ളണ്ടിനെതിരെ ഒൻപത് റൺസിനും 2015 ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 18 റൺസിനുമാണ് ഇന്ത്യ ഇവിടെ തോറ്റത്.
. ആസ്ട്രേലിയ രാജ്കോട്ടിൽ ഇതുവരെ ഏകദിനത്തിൽ തോൽവി അറിഞ്ഞിട്ടില്ല.
വാങ്കഡെയിലേതുപോലെ ഒരു തോൽവി ഇന്ത്യൻ ആരാധകർ സ്വീകരിക്കാൻ മാനസികമായി ഇനിയും തയ്യാറായിട്ടില്ല. പക്ഷേ കളിയിൽ ജയവും തോൽവിയും പതിവാണ്. ഞങ്ങൾ ശക്തമായി തിരിച്ചുവരും.
ശ്രേയസ് അയ്യർ
ഇന്ത്യൻ ബാറ്റ്സ്മാൻ