മോഹൻബാഗാനെ സ്വന്തമാക്കി എ.ടി.കെ ഉടമകൾ
അടുത്ത ഐ.എസ്.എല്ലിൽ എ.ടി.കെ-ബഗാൻ ടീമായി
മത്സരിക്കും
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും പ്രൗഡമായ പാരമ്പര്യത്തന് ഉടമകളായ ഫുട്ബാൾ ക്ളബ് മോഹൻ ബഗാനെ ഐ.എസ്.എൽ ടീമായ എ.ടി.കെ സ്വന്തമാക്കി.
എ.ടി.കെ ഉടമകളായ ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് മോഹൻ ബഗാൻ ഫുട്ബാൾ ക്ളബ് പ്രൈവറ്റ് ലിമിറ്റഡിന്റെ 80 ശതമാനം ഒാഹരികളും സ്വന്തമാക്കി. 20 ശതമാനം ഒാഹരികൾ പഴയ ഉടമകൾക്ക് തന്നെ നൽകിയിട്ടുണ്ട്. അടുത്ത സീസണിൽ രണ്ട് ക്ളബുകളും ചേർന്ന് ഒരു ടീമായി ഇന്ത്യൻ സൂപ്പർലീഗിൽ മത്സരിക്കുമെന്ന് ലയന പ്രഖ്യാനത്തിന് ശേഷം ആർ.പി.എസ്.ജി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ഗോയങ്ക അറിയിച്ചു.
എ.ടി.കെ, മോഹൻ ബഗാൻ എന്നീ ബ്രാൻഡ് നെയിമുകൾ നിലനിറുത്തിയാകും പുതിയ ക്ളബ് രൂപീകൃതമാവുക. 2020 ജൂണിൽ എ.ടി.കെ. ബഗാൻ എന്ന പേരിൽ പുതിയ ക്ളബ് രൂപീകൃതമാകുമെന്നാണ് അറിയുന്നത്. നിലവിൽ എ.ടി.കെ. ഐ.എസ്.എല്ലിലും ബഗാൻ ഐ ലീഗിലുമാണ് മത്സരിക്കുന്നത്. രണ്ടുവട്ടം ഐ.എസ്.എൽ കിരീടം നേടിയവരാണ് പഴയ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയായ എ.ടി.കെ (അമർ തൊമാർ കൊൽക്കത്ത).
പുതിയ ക്ളബ് ഐ.എസ്.എല്ലിൽ കളിക്കുന്ന കാര്യം മാത്രമാണ് ഇപ്പോൾ ഉടമകൾ അറിയിച്ചിരിക്കുന്നത്. ഐ. ലീഗിൽ നിന്ന് ബഗാൻ പിന്മാറുമെന്നാണ് സൂചന. ഐലീഗിൽ നിന്ന് ലാഭമില്ലെന്ന് ബഗാൻ അടക്കമുള്ള മുൻനിര ടീമുകൾ പരാതിപ്പെട്ടിരുന്നു. അതേ സമയം 2022 മുതൽ ഐ.എസ്. എല്ലിനെ ഇന്ത്യയുടെ ഫസ്റ്റ് ഡിവിഷൻ ലീഗായി ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ ലീഗ് ടീമുകളെകൂടി ചേർത്ത് ഐ.എസ്.എൽ വലിയ ലീഗായി മാറ്റാനാണ് പദ്ധതി.
മോഹൻബഗാൻ എനിക്ക് വൈകാരിക അടുപ്പമുള്ള ക്ളബാണ്. എന്റെ പിതാവ് ഇൗ ക്ളബിന്റെ അംഗങ്ങളിൽ ഒരാളായിരുന്നു. ഇൗ ഒന്നിച്ചുചേരൽ ഇന്ത്യൻ ഫുട്ബാളിൽ പുതിയ ചരിത്രം സൃഷ്ടിക്കും.
സഞ്ജീവ് ഗോയങ്ക.