4- 0ത്തിന് യുഡിനെസിനെ കീഴടക്കി
യുവന്റസ് കോപ്പ ഇറ്റാലിയ ക്വാർട്ടറിൽ
ടൂറിൻ : സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാർഡോ അസുഖം മൂലം വിശ്രമത്തിലായിരുന്നപ്പോൾ ഫോമിലേക്കുയർന്ന് ഇരട്ട ഗോളടിച്ച് പാബ്ളോ ഡൈബാലയുടെ മികവിൽ യുഡിനെസിനെ 4-0ത്തിന് തോൽപ്പിച്ച് യുവന്റസ് കോപ്പ ഇറ്റാലിയ ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് എത്തി. ഗോൺസാലോ ജെറാഡോ ഹിഗ്വെയ്‌നും ഡഗ്‌ളസ് കോസ്റ്റയും ഒാരോ ഗോൾ നേടി.
16-ാം മിനിട്ടിൽ ഹിഗ്വെയ്‌നിലൂടെയായിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ. 26-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഡൈബാല വല കുലുക്കിയപ്പോൾ ആദ്യപകുതിയിൽ യുവന്റസ് 2-0 ത്തിന് ലീഡ് ചെയ്തു. 51-ാം മിനിട്ടിൽ ഡൈബാല വീണ്ടും സ്കോർ ചെയ്തു. 61-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ഡഗ്‌ളസ് കോസ്റ്റ പട്ടിക പൂർത്തിയാക്കിയത്.
കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ 2-1ന് റോമയെ കീഴടക്കി യുവന്റസ് ഇറ്റാലിയൻ സെരി എയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തിരുന്നു. 19 മത്സരങ്ങളിൽനിന്ന് 48 പോയിന്റാണ് യുവന്റസിന് ഇപ്പോഴുള്ളത്. രണ്ടാംസ്ഥാനക്കാരായ ഇന്റർമിലാന് 46 പോയിന്റും.
എഫ്.എ കപ്പ്
മാഞ്ചസ്റ്റർ യുണൈറ്റഡിന്
ഒറ്റ ഗോൾ വിജയം
മാഞ്ചസ്റ്റർ : കഴിഞ്ഞ രാത്രി നടന്ന ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാൾ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വോൾവർ ഹാംപ്ടണിനെ തോൽപ്പിച്ച് നാലാം റൗണ്ടിൽ പ്രവേശിച്ചു. 67-ാം മിനിട്ടിൽ യുവാൻ മാട്ടയാണ് മാഞ്ചസ്റ്ററിനായി ഗോൾ നേടിയത്. അതേസമയം സ്ട്രൈക്കർ മാർക്കസ് റാഷ് ഫോർഡ് പരിക്കേറ്റ് പുറത്തായത് മാഞ്ചസ്റ്ററിന് തിരിച്ചടിയായി.
ആർച്ചറി ചാമ്പ്യൻഷിപ്പ്
തിരുവനന്തപുരം : ജല്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ, ജൂനിയർ , മിനി, സീനിയർ വിഭാഗങ്ങളിൽ 19ന് രാവിലെ എട്ട് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947865535.