തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിൽ തീപിടിത്തം. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഡംബിംഗ് യാർഡിലും സ്റ്റേഷന് എതിർവശത്തെ കടയിലുമാണ് തീപിടിത്തമുണ്ടായത്. രാത്രി 7.30ഓടെ ഡംബിംഗ് യാർഡിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പൊലീസുകാർ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേയ്ക്കും തീ പടർന്നു. ഒരു ബൈക്ക് കത്തി നശിച്ചു. ചെങ്കൽച്ചൂളയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി തീഅണയ്‌ക്കുകയായിരുന്നു. സമീപത്ത് വേസ്റ്റ് കത്തിച്ചതിൽ നിന്ന് തീപടർന്നതാണെന്നാണ് നിഗമനം. മറ്റു നാശനഷ്ടങ്ങളില്ലെന്ന് ഉറപ്പുവരുത്തി ഫയർഫോഴ്സ് മടങ്ങുന്നതിനിടെയാണ് പൊലീസ് സ്റ്റേഷന് എതിർവശത്തെ ഡി.ടി.പി സെന്ററിലും തീപിടിച്ചത്. സി.പി.എം ഓഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന മോഹനന്റെ മുല്ലശേരി അസോസിയേറ്റ്സ് എന്ന ഡി.ടി.പി സെന്ററിലായിരുന്നു അപകടം. ഉടൻ ഫയർഫോഴ്സ് എത്തി തീപടരാതിരിക്കാൻ മുൻകരുതലെടുത്തു. തീയും പുകയും കുറഞ്ഞതോടെ കടയുടെ ഷട്ടർ പൊളിച്ച് അകത്തെ തീയും കെടുത്തി. ഇതിനകം അകത്തുണ്ടായിരുന്ന കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. കടകൾ തിങ്ങിനിരഞ്ഞിരിക്കുന്ന സ്ഥലമായതിനാൽ ഫയർഫോഴ്സ് കൃത്യസമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നെങ്കിൽ നിരവധികടകളിലേക്ക് തീപടരുമായിരുന്നു. തീപിടുത്തമറിഞ്ഞ് വൻ ജനക്കൂട്ടമെത്തിയതോടെ ജംഗ്ക്ഷനിലെത്തിച്ചേരുന്ന നാലു റോഡുകളിലും ഗതാഗതം ഏറെനേരം സ്തംഭിച്ചു.