health

ആരോഗ്യപരമായും വിദ്യാഭ്യാസപരമായും മുന്നിലാണ് കേരളം. എന്നാൽ ഗർഭകാല പരിപാലനത്തിൽ കേരളത്തിലെ സ്ത്രീകൾ ഇപ്പോഴും തികച്ചും അശാസ്ത്രീയമായ പല വിശ്വാസങ്ങളും വച്ചുപുലർത്തുന്നുണ്ട്.ഇത് മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്

ഗർഭിണികൾ പൂർണ വിശ്രമം എടുക്കണോ?

ഒരു സ്‌ത്രീ ഗർഭിണിയാണെന്നറിയുന്ന ദിവസം മുതൽ ശരീരമനങ്ങിയുള്ള ജോലികൾക്ക് ( മുറ്റമടിക്കുക, തുണിയലക്കുക) വിലക്ക് വരുന്നു. ആദ്യത്തെ മൂന്നുമാസം ഇങ്ങനെയുള്ള ജോലികൾ ചെയ്താൽ ഗർഭം അലസിപ്പോകും എന്ന വിശ്വാസം വച്ചുപുലർത്തുന്നതിനാലാണിത്. പടികൾ കയറിയാലും ഇത് സംഭവിക്കും എന്ന ഭയത്തിൽ താമസം തന്നെ താഴത്തെ നിലയിലേക്ക് മാറ്റുന്നവരുമുണ്ട്. ഇരുചക്രവാഹനങ്ങളിലും മുച്ചക്രവാഹനങ്ങളിലുമുള്ളയാത്രക്കാർക്കും ഈ വിലക്ക് ബാധകമാണ്.

ശാസ്ത്രീയ വസ്തുത

ശരീരമനങ്ങിയുള്ള ജോലി, ഇരുചക്ര വാഹനങ്ങളിലെ യാത്ര, പടി കയറൽ ഒന്നും തന്നെ ഗർഭം അലസിപ്പോകുന്നതിന് ഒരു കാരണമല്ല.ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ ഗർഭം അലസിപ്പോകുന്നതിന്റെ കാരണങ്ങൾ പലതാണ്. കുഞ്ഞിന് ഏതെങ്കിലും രീതിയിലുള്ള ജനിതക വൈകല്യങ്ങൾ, അമ്മയ്ക്ക് പ്രമേഹം തുടങ്ങിയ അസുഖങ്ങൾ, വിരളമായി അമ്മയിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയാണ് ഇവയിൽ പ്രധാനമായത്. പൂർണ വിശ്രമം ഇതിനൊന്നും ഒരു പരിഹാരവും അല്ല. മാത്രമല്ല ഗർഭകാലത്ത് ശാരീരിക വ്യായാമം ഇല്ലാതെ വന്നാൽ അത് ദോഷവും ചെയ്യും.

ഗർഭാവസ്ഥയിൽ രക്തത്തിന്റെ കട്ടി കൂടുതലാണ്. രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. അധികം അനങ്ങാതെയും നടക്കാതെയും പൂർണ വിശ്രമം എടുക്കുന്ന സ്‌ത്രീകളുടെ കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും അത് പിന്നീട് ഹൃദയ ധമനികളിൽ വന്ന് അടഞ്ഞ് ജീവനു തന്നെ ഭീഷണി​യാവുകയും ചെയ്യും.

എപ്പോഴെങ്കിലും പരിപൂർണ വിശ്രമം ആവശ്യമാണോ?

ഉണ്ട്. ഒരേയൊരവസ്ഥയിൽ മാത്രം. സാധാരണ ഗർഭിണികളിൽ മറുപിള്ള അഥവാ പ്ളാസന്റ ഗർഭപാത്രത്തിന്റെ മുകൾഭാഗത്താണ് കാണുന്നത്. ചിലരിൽ മറുപിള്ള ഗർഭപാത്രത്തിന്റെ താഴത്തെ ഭാഗത്ത് കാണുന്നു. ഇത് ഗർഭപാത്രത്തിന്റെ മുഖം അടച്ചുകൊണ്ടും സ്ഥിതി ചെയ്യാം.

അങ്ങനെ വരുമ്പോൾ ഗർഭാവസ്ഥയിൽ അമിത രക്തസ്രാവത്തിനുള്ള സാദ്ധ്യതയുണ്ട്. ഇത് സെൻട്രൽ പ്ളാസന്റ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈയൊരവസ്ഥയിൽ മാത്രം ഗർഭിണി പൂർണ വിശ്രമം എടുക്കേണ്ടത് അത്യാവശ്യമാണ്. ഏതുവിധത്തിലുള്ള ശാരീരിക അദ്ധ്വാനവും രക്തസ്രാവമുണ്ടാക്കാം. ഇക്കൂട്ടരെ മാത്രം കഴിയുന്നതും അധികം അനങ്ങാതെ കിടക്കയിൽ തന്നെ കിടക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. Placenta Pravic ചെറുതായിട്ടേ ഉള്ളൂ എങ്കിൽ വിശ്രമം അവർക്ക് ബാധകമല്ല.

ഡോ.പി. ലക്ഷ്മി അമ്മാൾ

കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ്,

എസ്.യു.ടി ഹോസ്പിറ്റൽ,

പട്ടം, തി​രുവനന്തപുരം.

ഫോൺ​: 0471 407 7777.