തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ കബളിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ സെൻസസ് നടപടികൾക്കൊപ്പം ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടപടികളുമെടുക്കാൻ നിർദ്ദേശിച്ച് നവംബർ 12ന് പുരത്തിറക്കിയ സർക്കുലർ സർക്കാർ റദ്ദാക്കിയിട്ടില്ല. ഇതിലെ നിർദ്ദേശമാണ് ഇപ്പോൾ തഹസിൽദാർമാർ നടപ്പാക്കുന്നതെന്നും ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ട് ചെന്നിത്തല പറഞ്ഞു.
13ന് താമരശ്ശേരി തഹസീൽദാർ അദ്ധ്യാപകരോട് ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടപടികളിൽ പങ്കെടുക്കാനാവശ്യപ്പെട്ട് അയച്ച കത്ത് ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലിറക്കിയ ഉത്തരവുകൾ റദ്ദാക്കുക മാത്രമാണ് ചെയ്തത്. പുറമേ,പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നുവെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും രഹസ്യമായി ഈ നിയമം നടപ്പാക്കാൻ ശ്രമിക്കുകയുമാണ് മുഖ്യമന്ത്രി.
മോദിയും അമിത് ഷായും കഴിഞ്ഞാൽ ജനങ്ങളെ കബളിപ്പിക്കുന്നതിൽ മൂന്നാം സമ്മാനത്തിന് അർഹൻ താനാണെന്ന് അദ്ദേഹം തെളിയിക്കുകയാണ്. തെരുവീഥികളിൽ നിന്ന് ആർ.എസ്.എസിനും പൗരത്വഭേദഗതി നിയമത്തിനുമെതിരെ തൊണ്ട കീറുമ്പോൾ രഹസ്യമായി മോദിക്കും അമിത്ഷായ്ക്കും മുന്നിൽ നല്ല പിള്ള ചമയാനാണ് ശ്രമം.
പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ കേരളത്തിൽ വ്യാപകമായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ ജയിലിലടയ്ക്കുന്നതിലെ വീറ് കുറ്റ്യാടിയിൽ ഗുജറാത്ത് ഓർമ്മയില്ലേ എന്നു വിളിച്ച് പ്രകടനം നടത്തിയവരെ പിടികൂടാൻ പൊലീസ് കാണിക്കുന്നില്ല. അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തി എൻ.ഐ.എയുടെ കൈയിലെത്തിച്ച പിണറായിക്ക്,അതിനുള്ള തെളിവ് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.