kerala-secratariat

ഏത് തൊഴിലിലേർപ്പെട്ടവർക്കും ഉന്നത നിലയിലെത്താൻ മോഹം കാണും. അതിനായി കഠിനശ്രമം നടത്തുകയും ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്യുന്നവരെ തേടി സൗഭാഗ്യങ്ങൾ വന്നുകൊണ്ടിരിക്കും. കൊട്ടും കുരവയുമായി സർക്കാർ കൊണ്ടുവന്ന സംസ്ഥാന സിവിൽ സർവീസ് പരീക്ഷ എഴുതാൻ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ പണിയെടുക്കുന്നവർ ആഗ്രഹിക്കുന്നതിൽ യാതൊരു അപാകതയുമില്ല.

ജനറൽ കാറ്റഗറിക്കു പുറമേ സർവീസ് കാറ്റഗറി കെ.എ.എസിൽ ഉൾപ്പെടുത്തിയതും സർവീസിലിരിക്കുന്ന ജീവനക്കാരെ മുന്നിൽ കണ്ടുകൊണ്ടാണ്. ഇപ്പോൾ ഇതു പറയാൻ കാരണം കെ.എ.എസ് പരീക്ഷയ്ക്കു പരിശീലനം നേടാൻ വേണ്ടി സെക്രട്ടേറിയറ്റിലെ കുറച്ചുപേർ ലീവെടുത്തതിനെച്ചൊല്ലി ഉയർന്നുവന്ന വിവാദങ്ങളാണ്. അവരുടെ സംഖ്യ അത്ര അധികമൊന്നുമില്ല. കഷ്ടിച്ച് അൻപതോളം പേർ. അയ്യായിരത്തോളം ഉദ്യോഗസ്ഥർ പണിയെടുക്കുന്ന സെക്രട്ടേറിയറ്റിൽ അൻപതുപേർ അവധിയിൽ പോയതുകൊണ്ട് പ്രവർത്തനമാകെ താളം തെറ്റുമെന്ന് ആശങ്കപ്പെടുന്നവർ ഏതു ലോകത്താണു ജീവിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ മുഴുവൻ കാര്യങ്ങളും ഇവരുടെ ചുമതലയിലാണോ? പരീക്ഷയ്‌ക്ക് പഠിക്കാനായി അവധിയെടുത്തു പോയവർ ഉടനടി അവധി റദ്ദാക്കി തിരിയെ എത്തണമെന്ന് ഉത്തരവിറക്കണമെന്നു കാണിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരിക്കുകയാണത്രെ. അൻപതോളം പേർ അവധി എടുത്തതോടെ സെക്രട്ടേറിയറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ആകെ അലങ്കോലമായെന്നാണ് സ്പെഷ്യൽ സെക്രട്ടറിയുടെ കണ്ടുപിടിത്തം. ബഡ്ജറ്റ് സമ്മേളനത്തിന് തീയതി അടുത്തതിനാൽ വകുപ്പുകളുടെ പ്രവർത്തനം സുഗമമാക്കാൻ മുഴുവൻ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം അത്യാവശ്യമാണത്രെ. അതുകൊണ്ടാണ് അവധിയെടുത്തു പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവരെ മുഴുവൻ തിരിച്ചുവിളിക്കണമെന്ന നിർദ്ദേശം. അവധി റദ്ദാക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥരെ പരീക്ഷയിൽ അയോഗ്യരാക്കാനും സർവീസ് ചട്ടങ്ങളിൽ വകുപ്പുണ്ടെന്ന മുന്നറിയിപ്പും ഒപ്പമുണ്ട്. മത്സര പരീക്ഷ എഴുതാൻ വേണ്ടി അവധി എടുത്തതിന്റെ പേരിൽ അയോഗ്യത നേരിടേണ്ടിവരുന്ന ലോകത്തെ ആദ്യത്തെ സംഭവമാകാം ഇത്. പലതിലും മാതൃകാ പദവി അലങ്കരിക്കുന്ന കേരളത്തിന് ഈ ഇനത്തിലും പുതിയൊരു വർണത്തൂവൽ ഇരിക്കട്ടെ എന്നാകാം വിചിത്ര സർക്കുലറുമായി രംഗത്തുവന്ന ഉദ്യോഗസ്ഥ പ്രമുഖന്റെ ചിന്ത.

അഖിലേന്ത്യാ സർവീസ് നേടി ഭരണതലപ്പത്തെത്താൻ ഭാഗ്യമുണ്ടായ ആൾക്ക് കീഴുദ്യോഗസ്ഥന്മാർ ഉയർന്ന പദവിക്കായി മത്സര പരീക്ഷ എഴുതുന്നതിൽ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. പുതിയ അവസരങ്ങൾ തേടാൻ അവരെ പ്രേരിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതിനു പകരം പരീക്ഷാ പരിശീലനത്തിനായി അവധിയെടുത്തവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം അപരിഷ്കൃതവും സംസ്കാരശൂന്യവുമാണെന്നു പറയേണ്ടിവരും. ഇത്തരത്തിലൊരു അസംബന്ധ കുറിപ്പ് തയ്യാറാക്കിയത് സർക്കാരിന്റെ പ്രശംസ നേടാൻ വേണ്ടിയാണെങ്കിൽ തെറ്റിപ്പോയി എന്നു തന്നെ പറയണം. ഏതായാലും ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്തെന്ന് വെളിപ്പെടുത്താൻ വൈകരുത്. സ്പെഷ്യൽ സെക്രട്ടറിയുടെ വിവാദ കുറിപ്പിനെതിരെ സെക്രട്ടേറിയറ്റിലെ ഭരണ - പ്രതിപക്ഷ യൂണിയനുകൾ ഒരേ തരത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളതിനാൽ കുറിപ്പിന് ദീർഘായുസുണ്ടാവുകയില്ല എന്നു തന്നെ കരുതാം.

ഉദ്യോഗസ്ഥന്മാർ അവധിയെടുത്ത് പഠിക്കാൻ പോയത് അന്യായമായിപ്പോയെന്നു പറയാൻ കാരണം പൊതുജനങ്ങൾക്ക് അതിലൂടെ സേവനം മുടങ്ങുന്നു എന്നു ചൂണ്ടിക്കാട്ടിയാണ്. ഇതു കേട്ടാൽ തോന്നും അവിടെ ഉദ്യോഗസ്ഥർ ഒന്നടങ്കം പ്രവൃത്തി സമയം മൊത്തം ജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരിക്കുകയാണെന്ന്. അതിന്റെ തെളിവാണല്ലോ ഓരോ വകുപ്പിലും കെട്ടുകെട്ടായി വിശ്രമം കൊള്ളുന്ന ഫയൽ കൂമ്പാരങ്ങൾ. തീർപ്പാകാൻ കാത്തുകിടക്കുന്ന ഫയലുകളുടെ സംഖ്യ ഇടയ്ക്കിടെ സർക്കാർ തന്നെ പുറത്തുവിടാറുണ്ട്. അടുത്തകാലത്ത് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതിൽ എത്ര ഫയലുകളിൽ തീർപ്പുണ്ടായെന്ന കണക്കൊന്നും പുറത്തുവന്നിട്ടുമില്ല. യജ്ഞം അവസാനിപ്പിച്ചോ എന്നും നിശ്ചയമില്ല. പരീക്ഷയ്ക്കു തയ്യാറെടുക്കാൻ പോയ ഉദ്യോഗസ്ഥന്മാർ അനധികൃതമായിട്ടാണ് അതു ചെയ്തതെങ്കിൽ സർവീസ് ചട്ടമനുസരിച്ചുള്ള ശിക്ഷാ നടപടി എടുക്കാവുന്നതാണ്. അതേസമയം അവകാശപ്പെട്ട അവധിയെടുത്തിട്ടുണ്ടെങ്കിൽ എങ്ങനെ നടപടി എടുക്കാനാവും? സേവനം മറന്നുള്ള കരിയർ മെച്ചപ്പെടുത്തൽ അനുവദനീയമല്ലെന്ന കണ്ടെത്തൽ സർവീസ് ചട്ടങ്ങൾക്ക് ഇണങ്ങുന്നതാണെന്ന് എങ്ങനെ പറയാനാകും? തീർത്തും അനാവശ്യമായി ഒരു പ്രകോപനം സൃഷ്ടിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് പ്രതിഷേധം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്.