തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണെങ്കിലും ,തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിൽ അദ്ദേഹം ഒപ്പുവയ്ക്കാത്തത് ശരിയായ സമീപനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വാർഡ് വിഭജനത്തിന് സർക്കാരിന് ഇപ്പോൾ അധികാരമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഗവർണറെ താൻ സമീപിച്ചത്. സി.പി.എമ്മിന് സൗകര്യപ്രദമായി വാർഡുകൾ വിഭജിക്കാനാണ് നീക്കം. വാർഡ് വിഭജനം നേരത്തേ ചെയ്യേണ്ടതായിരുന്നു. സെൻസസിന് ഒരു വർഷം മുമ്പ് തൽസ്ഥിതി തുടരേണ്ടതുണ്ടെന്ന നിയമ വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് ദോശ ചുടുന്ന വേഗതയിൽ ഓർഡിനൻസുമായി സർക്കാർ വന്നത്. നിയമ വിരുദ്ധമായതിനാലാണ് ഗവർണർ ഒപ്പിടാത്തത്. വോട്ടർപട്ടികയുടെ കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടതിയിൽ പോകും.
പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകണമെന്ന് സർവകക്ഷി യോഗത്തിൽ നിർദ്ദേശിച്ചത് താനാണ്. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്നത് ശരിയോ എന്ന് ഗവർണർ ആലോചിക്കണം- ചെന്നിത്തല പറഞ്ഞു.