പൂവാർ: പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് വർഷമായി പി.ടി.എ ഫണ്ടിലേക്ക് കിട്ടിയ സംഭാവനകൾ, കുട്ടികളിൽ നിന്ന് ഈടാക്കുന്ന ഫൈനുകൾ തുടങ്ങിയവയൊന്നും തന്നെ പ്രിൻസിപ്പൽ അകൗണ്ടിൽ നിക്ഷേപിച്ചിട്ടില്ല. അദ്ധ്യായന വർഷാവസാനം അടുക്കാറാകുമ്പോൾ കുട്ടികളിൽ നിന്ന് അമിതമായി ഫൈൻ ഈടാക്കുക, പി.ടി.എ മീറ്റിംഗ് നടക്കുമ്പോൾ കണക്കുകൾ അവതരിപ്പിക്കാതിരിക്കുക, സ്കൂളിൽ സമയത്തിന് എത്താതിരിക്കുക, കുട്ടികളോട് മോശമായി പെരുമാറുക, മോശം പെരുമാറ്റം പുറത്തു പറഞ്ഞാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രിൻസിപ്പലിനെതിരെ പി.ടി.എ കമ്മിറ്റി ഉയർത്തിയിരിക്കുന്നത്. പ്രിൻസിപ്പലിനെ മാറ്റി പുതിയ ആളെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും പരാതി നൽകിയിരിക്കുകയാണ്. ഉചിതമായ നടപടി ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പി.ടി.എ പ്രസിഡന്റ് എസ്. ശശികുമാർ ,വൈസ് പ്രസിഡന്റ് ടി.സുരേഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ സജു.എസ്, ജോസഫ്.എസ്, രമേശ്, റാണി, ലുധിയ, റോസ് മേരി, സുധ തുടങ്ങിയവർ അറിയിച്ചു.