22 ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ടാക്കൂർ ഉദ്‌ഘാടനം ചെയ്യും
തിരുവനന്തപുരം : ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് 22 മുതൽ ഫെബ്രുവരി 9 വരെ കൊല്ലം ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 ന് വൈകിട്ട് 4 ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ടാക്കൂർ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ .നരേന്ദ്രധ്രുവ് ബത്ര മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടി അമ്മ, കേരള ഹോക്കി ബ്രാൻഡ് അംബാസിഡർ സുരേഷ് ഗോപി എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ , സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്താദ്യമായി നടക്കുന്ന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ 45 ടീമുകൾ പങ്കെടുക്കും..
ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ് .രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, വൈസ് പ്രസിഡന്റ് എസ് .എൻ. രഘുചന്ദ്രൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ് .എസ് .സുധീർ ബാലഗോപാൽ, ആർ.അയ്യപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
-------------------
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ .നരേന്ദ്രധ്രുവ് ബത്രയ്ക്ക് 21 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കായികതാരങ്ങളും സംഘാടകരും ചേർന്ന് സ്വീകരണം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ.പി.ജയരാജൻ എന്നിവരുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ഇദ്ദേഹം ദർശനം നടത്തും .