തിരുവനന്തപുരം: ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് നാളെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തും. പ്രത്യേകം തയ്യാറാക്കിയ ബൂത്തുകളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ മരുന്നു വിതരണം നടത്തും. സർക്കാർ- സ്വകാര്യ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് 2091 ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിൽ 2.13 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനുള്ള ക്രമീകരണമാണ് നടത്തിയിട്ടുള്ളത്.
ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, സംഘടനാ പ്രതിനിധികൾ, എൻ.എസ്.എസ് അംഗങ്ങൾ തുടങ്ങിയവർ വോളന്റിയർമാരായി പ്രവർത്തിക്കും.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ച് ജില്ലയിൽ 51 ട്രാൻസിറ്റ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ 50 മൊബൈൽ ടീമുകളും പോളിയോ തുള്ളിമരുന്ന് വിതരണം നടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചുവയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോളിയോ വാക്സിനും ഉപകരണങ്ങളും എത്തിച്ചുകഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. ദിവ്യ സദാശിവൻ, ഡോ. പ്രശാന്ത്, ജില്ലാ മെഡിക്കൽ എഡ്യൂക്കേഷണൽ ഓഫീസർ സുജ എന്നിവരും പങ്കെടുത്തു.