kanam

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിഷേധിക്കുന്ന ഗവർണറുടെ സമീപനം ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാരിനെ പിരിച്ച് വിടുമെന്ന ഭയമില്ല. സി.പി.എമ്മിന്റെ സൗജന്യത്തിലല്ല സി.പി.ഐ മന്ത്രിമാർ കാബിനറ്റിൽ ഇരിക്കുന്നത്. യു.എ.പി.എ അടക്കമുള്ള വിഷയങ്ങളിൽ മുമ്പെടുത്ത നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കാനം രാജേന്ദ്രൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു..

ഗവർണറുടെ സമീപനം ശരിയല്ല

ഭരണഘടനാ സ്ഥാപനത്തിന്റെ അധിപൻ എന്ന നിലയിൽ വാചകങ്ങളിൽ മിതത്വം പാലിക്കാൻ ഗവർണർ ശ്രദ്ധിക്കേണ്ടതാണ്. അതിനപ്പുറത്തുള്ള പ്രതികരണങ്ങൾ രാഷ്ട്രീയമായി മാത്രമേ സി.പി.ഐയ്ക്ക് കാണാൻ സാധിക്കൂ. ഒരു പ്രത്യേക അജണ്ട നടപ്പാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തിയിരിക്കുന്നത് എന്ന് തെളിവുകളില്ലാതെ പറയുന്നത് അപക്വമാണ്. കോടതിയിൽ ഏത് പൗരനും ഹർജി ഫയൽ ചെയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതു തന്നെയാണ് സർക്കാരും ചെയ്തത്. സർക്കാർ നടപടിയെ ഗവർണർ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. സർക്കാരിനെ നിഷേധിക്കുന്ന ഗവർണറുടെ സമീപനം ശരിയല്ല.

ഗവർണർ പദവിതന്നെ അനാവശ്യ അലങ്കാരമാണെന്നാണ് ഇടതുപാർട്ടികളുടെ വർഷങ്ങളായുള്ള നിലപാട്. ഭരണഘടനപരമായാണ് ഗവർണർ പദവിയെ ഞങ്ങൾ ചോദ്യം ചെയ്യുന്നത്. എന്നാൽ, ഇപ്പോൾ ഒരു സിസ്റ്റത്തിന്റെ ഉള്ളിൽ നിൽക്കുമ്പോൾ അതിനനുസരിച്ച് നീങ്ങുകയാണ്. മുമ്പൊക്കെ സജീവ രാഷ്ട്രീയത്തിൽ നിന്നൊക്കെ വിരമിച്ചവരെയാണ് കൂടുതലും ഗവർണറാക്കിയിരുന്നത്. എന്നാൽ, ഇന്ന് സജീവമായി രാഷ്ട്രീയത്തിൽ നിൽക്കുന്നവരെയാണ് ഗവർണർ ആക്കുന്നത്. അതാണ് ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ളവർക്ക് സജീവമായി രാഷ്ട്രീയത്തിൽ ഇടപെടാൻ താത്പര്യമുണ്ടാകുന്നത്. അവർക്ക് എപ്പോഴും ലൈംലൈറ്റിൽ നിൽക്കണമെന്ന ആഗ്രഹമാണുള്ളത്. ഗവർണറായി പോയ കുമ്മനം രാജശേഖരൻ പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാൻ വേണ്ടി പദവി രാജി വച്ച് വന്നത് നമ്മൾ കണ്ടതല്ലേ. ഇനിയും ഗവർണർ പദവി തേടി വന്നാൽ അദ്ദേഹം പോകും. ഭരണനിർവഹണ തന്ത്രങ്ങൾ അറിയുന്നവർക്ക് പകരക്കാരായി ലോക്കൽ നേതാക്കൾ ഗവർണർ സ്ഥാനത്തേക്ക് എത്താൻ തുടങ്ങി. അതുകൊണ്ട് നമ്മൾ ഇതൊക്കെ അനുഭവിച്ചേ പറ്റൂ.

ആ ഭയമൊന്നുമില്ല

കേന്ദ്രം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടും എന്ന ഭയമൊന്നും എൽ.ഡി.എഫിനില്ല. കേന്ദ്ര ഇടപെടൽ ആദ്യമുണ്ടായ സംസ്ഥാനമാണ് കേരളമെന്നുള്ള ഓർമ്മ വേണം. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ 35 ശതമാനം വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്. എന്നാൽ, പിരിച്ചുവിട്ട ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 39.50 ശതമാനം വോട്ടാണ് ലഭിച്ചത്. അതൊക്കെ പിരിച്ച് വിടാൻ നിൽക്കുന്നവർ ഓർമ്മിക്കണം. കേരളത്തിലെ ജനങ്ങളുടെ വലിയ പിന്തുണ ഇടതുമുന്നണി സർക്കാരിനുണ്ട്. നിയമസഭയിൽ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുക വഴി കേരളം അതിന്റെ അവകാശമാണ് നിറവേറ്റിയത്. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം വഴികാട്ടിയായി. കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ പരിമിതികളുണ്ടെന്ന് കഴിഞ്ഞ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലൂടെ മനസിലായ കാര്യമാണ്. ആ യാഥാർത്ഥ്യം ബി.ജെ.പി നേതാക്കൾ മനസിലാക്കുന്നതാണ് നല്ലത്. കേരളത്തിലെ ജനങ്ങൾ മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അങ്ങനെയുള്ള ജനങ്ങൾ ഇവിടെ ബി.ജെ.പിയെ വളരാൻ അനുവദിക്കില്ല. ആര് എത്ര സ്വപ്നം കണ്ടാലും ബി.ജെ.പിക്ക് കേരളത്തിൽ വളർച്ചയുണ്ടാകില്ല.

അത്രയും ഗൗരവമേ അതിനുള്ളൂ

പൗരത്വ നിയമഭേദഗതിയെ കേരളം ഒരുമിച്ചാണ് എതിർത്തത്. ഏക ബി.ജെ.പി എം.എൽ.എ പോലും പ്രമേയത്തിനെതിരെ വോട്ട് ചെയ്തില്ല. പൗരത്വ നിയമത്തിനെതിരെ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു നിലപാടേ ഉള്ളൂ. നാളെയും ഞങ്ങൾ ഒരുമിച്ച് നിൽക്കും. മുല്ലപ്പള്ളിയുടെ അഭിപ്രായ പ്രകടനങ്ങളെല്ലാം കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിൽ കണ്ടാൽ മതി. അത്രയും ഗൗരവമേ അതിനുള്ളൂ.

നവംബർ ഒന്നിന് മുന്നേ വേണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീളുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. നവംബർ ഒന്നിന് മുന്നേ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി തദ്ദേശസ്ഥാപനങ്ങളിൽ അധികാരമേൽക്കണമെന്നാണ് സി.പി.ഐ നിലപാട്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടാവുകയാണെങ്കിൽ ഇടപെടേണ്ട ബാധ്യത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.

അതിൽ അഭിപ്രായം പറയുന്നില്ല

മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊല, യു.എ.പി.എ എന്നീ വിഷയങ്ങളിൽ സി.പി.ഐ ഉയർത്തിയ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. യു.എ.പി.എ കരിനിയമമാണ്. കേരളത്തിലെ ഇടതുമുന്നണി സർക്കാർ യു.എ.പി.എ ചുമത്താൻ പാടില്ല. അറസ്റ്റ് ചെയാനോ ജയിലിൽ ഇടാനോ പാടില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിനെതിരെയുള്ള നിലപാടല്ല സി.പി.ഐയുടേത്. ഇത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നിലപാടാണ്. ഈ ഒരു വിഷയത്തിലല്ല കേരളത്തിലെ ഇടതുമുന്നണി നിൽക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അലനും താഹയും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ സി.പി.എമ്മിനുള്ളിലെ ആഭ്യന്തര വിഷയങ്ങളാണ്. അതിൽ അഭിപ്രായം പറയാൻ സി.പി.ഐയില്ല.

പരിഗണനയോ വാത്സല്യമോ വേണ്ട

സംസ്ഥാന ഭരണം കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നാണ് സി.പി.ഐയുടെ ആഗ്രഹം. അക്കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യും. വരുന്ന ഒന്നേകാൽ വർഷം ഭരണം മെച്ചപ്പെടുത്താൻ വേണ്ട നിർദ്ദേശം എൽ.ഡി.എഫിൽ സി.പി.ഐ വയ്ക്കും. അല്ലെങ്കിൽ ഞങ്ങളുടെ വകുപ്പുകളിലെങ്കിലും ആ നിർദ്ദേശങ്ങൾ നടപ്പിലാക്കും. ഞങ്ങളുടെ നാല് മന്ത്രിമാരെപ്പറ്റിയും ഞങ്ങൾക്ക് നല്ല അഭിപ്രായമാണുള്ളത്. സി.പി.എമ്മിന്റെ പ്രത്യേക പരിഗണനയോ വാത്സല്യമോ സി.പി.ഐക്ക് ആവശ്യമില്ല. പാർട്ടി, എൽ.ഡി.എഫ് നയങ്ങൾ നടത്താനാണ് ഞങ്ങൾ നാല് മന്ത്രിമാരെ കാബിനറ്റിൽ ഇരുത്തിയിരിക്കുന്നത്.

വീണ്ടും വരും

ഇതുവരെ മുന്നണി വിപുലീകരണത്തെപ്പറ്റിയുള്ള ചർച്ചകൾ എൽ.ഡി.എഫിൽ നടന്നിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പിൽ സി.പി.ഐ കൂടുതൽ സീറ്റ് ആവശ്യപ്പെടുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും സി.പി.ഐ നിലപാട്. മന്ത്രിസഭാ പുന:സംഘടനയ്ക്കുള്ള അധികാരം സാങ്കേതികമായി മുഖ്യമന്ത്രിക്കുള്ളതാണ്. അത് വികസിപ്പിക്കണമോ ശോഷിപ്പിക്കണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത തവണ എൽ.ഡി.എഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അഞ്ച് വർഷം കൂടുമ്പോൾ മുന്നണികൾ മാറി മാറി ഭരിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പോടെ മാറും. കേരളത്തിലുണ്ടാകുന്ന വലിയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ്.