melpalam

വക്കം: വക്കം തോപ്പിക്കവിളാകത്ത് റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തം. ദക്ഷിണ റെയിൽവേയുടെ രേഖകളിൽ പറയുന്ന 563 നമ്പർ ഗേറ്റ് സ്ഥിതി ചെയ്യുന്ന തോപ്പിക്കവിളാകത്ത് മേൽപ്പാലത്തിന്റെ ആവശ്യം ദിനംപ്രതി ഏറിവരികയാണ്. വക്കം ഗ്രാമ പഞ്ചായത്ത് ഈ ആവശ്യം ഉന്നയിച്ച് മുൻ എം.പി സമ്പത്തിന് നിവേദനവും നൽകിയിരുന്നു. അത് റെയിൽവേ മന്ത്രാലയത്തിന് കൈമാറിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വക്കം ഗ്രാമ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്ത് കൂടി പോകുന്ന റോഡിലാണ് തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. പാസഞ്ചർ ട്രെയിനുകൾക്കും, ഗുഡ്സ് ട്രെയിനുകളും കടന്ന് പോകുന്നതിനായി നിത്യവും ഇരുപതിലധികം തവണ ഇവിടെ ഗേറ്റ് അടച്ചിടും.

ചിലപ്പോൾ ഗേറ്റിന്റെ യന്ത്രതകരാറിലും ഗേറ്റ് അടച്ചിടും. പിന്നെ വാഹനങ്ങൾ ഊട് വഴികൾ താണ്ടി വേണം മെയിൻ റോഡിലെത്താൻ. സ്വകാര്യ മെഡിക്കൽ കോളേജും, ഹയർ സെക്കൻഡറിയുമടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. മെസിക്കൽ കോളെജിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പോലും അടഞ്ഞഗേറ്റിൽ കുടുങ്ങാറുണ്ട്. ഇതിനെല്ലാം പരിഹാരമായിട്ടാണ് മേൽപ്പാല നിർമ്മാണത്തിനായി മുറവിളി കൂട്ടുന്നത്.