നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ നിന്നും 8:20 ന് പുറപ്പെട്ട് 8:50 ന് തിരുവനന്തപുരം സെൻട്രൽ എത്തുന്ന കന്യാകുമാരി-മുംബൈ എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമം മാറ്റിയത് പുനപരിശോധിക്കണമെന്ന ആവശ്യം ഉയർന്നു. വിദ്യാർത്ഥികളും വിവിധ ജോലിക്ക് സിറ്റിയിലേക്ക് പോകുന്നവർ തുടങ്ങി നിരവധി പേർ യാത്ര ചെയ്യുന്നതാണ് രാവിലെയുള്ള ഈ ട്രെയിൻ. മേയ് 1 മുതൽ ഈ ട്രെയിൻ നെയ്യാറ്റിൻകരയിൽ നിന്നും 9:40 ന് പുറപ്പെടുന്ന രീതിയിലാണ് റെയിൽവേ പുതിയ സമയക്രമം തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ നിരവധി യാത്രക്കാരെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് റയിൽവേ പിന്മാറണമെന്നാണ് പൊതുആവശ്യം. റെയിൽവേ വകുപ്പ് മന്ത്രിക്കും ഡിവിഷണൽ മാനേജർക്കും കെ. ആൻസലൻ എം.എൽ.എ നിവേദനം നൽകി.