ആറ്റിങ്ങൽ: ആയിരം പൂർണചന്ദ്രൻമാരുടെ ദർശന സൗഭാഗ്യവുമായി ആറ്റിങ്ങൽ പാളയത്തുവിളയിൽ കെ.മാധവൻനായർ. കൊച്ചുമക്കളായ ഭവാനി, ജാനകി, ഗൗരി, ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശതാഭിഷേക പരിപാടിയിൽ മാധവൻനായരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി നൂറുകണക്കിനാളുകൾ ആശംസകൾ നേരാനെത്തി.ചടങ്ങ് നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ബി.സത്യൻ എം.എൽ.എ, ഡോ.എസ്.ഭാസിരാജ്, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുധാകരൻ, കവി വിജയൻപാലാഴി, എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻപിളള, ചിത്രകാരൻ സുരേഷ്‌കൊളാഷ്, കെ.ജയകുമാർ, കെ.അജന്തൻനായർ, എന്നിവർ ആശംസകൾ നേരാനെത്തി. ആറ്റിങ്ങലിന്റ കലാസാംസ്‌കാരിക ചരിത്രത്തിൽ ശക്തമായ സാന്നിദ്ധ്യമായ ആറ്റിങ്ങൽ പ്രോഗ്രസീവ് ആർട്സ് ക്ലബിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ മാധവൻനായർ സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലെ സജീവസാന്നിദ്ധ്യമാണ്. പെൻഷൻ സംഘടനയുടെ ജില്ലാഭാരവാഹി, കച്ചേരിസൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി, എ.പി.എ.സി.യുടെ സജീവ പ്രവർത്തകൻ, ആറ്റിങ്ങൽ ഗവ.നഴ്‌സറി സ്‌കൂൾ ഉപദേശകസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. അയ്യപ്പഭക്തിഗാനകലാകാരനും കൂടിയാണ് ഇദ്ദേഹം. മക്കളായ മധു.എം.ആർ അദ്ധ്യാപകനും പ്രശസ്ത ഘടം വിദ്വാനും രാജു.എം.ആർ ആദ്ധ്യാപകനും കഥാകാരുമാണ്.