തിരുവനന്തപുരം: ആധുനിക രീതിയിൽ നഗരത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി നഗരസഭയുടെ ആദ്യ സ്‌മാർട്ട് ഡ്രൈവേസ്റ്റ് സെഗ്രഗേറ്റഡ് കളക്ഷൻ ഹബ് ജവഹർനഗറിൽ സജ്ജമാക്കി. ജവഹർ നഗറിലെ ഓർഗാനിക് ബസാറിന് മുന്നിൽ സ്ഥാപിച്ച കളക്‌ഷൻ ഹബ് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഹബ് സ്ഥാപിച്ചത്. പരിസ്ഥിതി സംഘടനയായ തണൽ സ്‌പോൺസർ ചെയ്‌ത ഹബ് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ കെ.എം. അഭിജിത്ത്, എം.എൻ. ജെസിലും ചേർന്നാണ് വികസിപ്പിച്ചത്. നഗരത്തിലുടനീളം സ്‌മാർട്ട് ഡ്രൈവേസ്റ്റ് സെഗ്രഗേറ്റഡ് കളക്ഷൻ ഹബ് സ്ഥാപിക്കുന്നതോടെ പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരം ഒഴിവാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവർത്തനം
-----------------------------
ലോഹങ്ങൾ മെറ്റൽ ക്യാനുകൾ, പേപ്പർ, കുപ്പികൾ, കണ്ണാടി, ചില്ലുകൾ, തുണിമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെരുപ്പ്, ബാഗുകൾ എന്നിങ്ങനെയുള്ള ആറ് അറകളിൽ സെൻസർ ഉണ്ടായിരിക്കും. ഓരോ അറയിലും ഉപേക്ഷിക്കപ്പെട്ട മാലിന്യത്തിന്റെ ഭാരവും തരവും തത്സമയം ട്രാക്ക് ചെയ്യാം. ഇത് മാലിന്യ സംസ്‌കരണത്തെ എളുപ്പമാക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ജീവനക്കാർ നിശ്ചിത കാലയളവിനുള്ളിൽ മാലിന്യം ശേഖരിക്കും.
കളക്ഷൻ ഹബ് ഇങ്ങനെ
------------------------------------
ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവിനെക്കുറിച്ച്
കൃത്യമായ വിവരം ലഭിക്കും
ടോപ് ലോഡിംഗ് സംവിധാനം ഉള്ളതിനാൽ
കൂടുതൽ മാലിന്യങ്ങൾ ഉൾക്കൊള്ളാനാകും
ബിന്നുകൾ ട്രാക്ക് ചെയ്യാനുള്ള സൗകര്യം സ്മാർട്ട്
ട്രിവാൻഡ്രം ആപ്ലിക്കേഷനിൽ ലഭ്യമാകും
ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് വീടുകളിൽ നിന്നു
വ്യക്തിപരമായ മാലിന്യം ശേഖരിക്കും
ഓരോ വീടുകളിലും ഉണ്ടാകുന്ന
മാലിന്യത്തിന്റെ അളവും കണക്കാക്കാം
40 കിലോവരെ ശേഖരിക്കാം