ചിറയിൻകീഴ്: അഴൂർ ഗാന്ധിസ്മാരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേത്യത്വത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, ആറ്റിങ്ങൽ എം.പി എന്നിവർക്ക് ഭീമ ഹർജി നൽകുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും ആക്ഷൻ കൗൺസിൽ രക്ഷാധികാരിയുമായ അഡ്വ എസ്.കൃഷ്ണകുമാർ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. നിത്യവും അനവധി രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയെ ഇല്ലായ്മയിൽ നിന്നും സംരക്ഷിക്കുവാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.അടിയന്തിരമായി ഒരു ഡോക്ടറെയും, ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ചെയർമാൻ എ.ആർ.നിസാർ അദ്ധ്യക്ഷനായി. എസ്. വസന്തകുമാരി, അഴൂർ വിജയൻ, എസ്.ജി.അനിൽകുമാർ, മാടൻവിള നൗഷാദ്, റസിയാ സലിം തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിലുണ്ടായിരുന്ന മുന്നോറോളം രോഗികൾ അവരുടെ ബുദ്ധിമുട്ടുകൾ ആക്ഷൻ കൗൺസിൽ നേതാക്കളോട് വിവരിച്ചു.