തിരുവനന്തപുരം: മാവോയിസ്റ്റ് എന്ന് മുഖ്യമന്ത്രി ഒരാളെപ്പറ്റി പറഞ്ഞാൽ അയാൾ രാജ്യദ്രോഹിയാണെന്ന് പറയാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. കോഴിക്കോട്ടെ അലന്റെയും താഹയുടെയും കേസ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരെങ്കിലും മാവോയിസ്റ്റുകളാവുന്നത് ഒരു കുറ്റമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നത് കൊണ്ട് ഒരാളെ രാജ്യദ്രോഹിയെന്ന് വിളിക്കാനാവില്ല. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സി.പി.ഐ അത് തുറന്നു പറയാറുണ്ട്. കാലക്രമേണ സർക്കാർ അത് തിരുത്തുമായിരിക്കും.
അലന്റെയും താഹയുടെയും കേസ് എൻ.ഐ.എ ഏറ്റെടുത്തതു കൊണ്ട് യു.എ.പി.എയിൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത പാവപ്പെട്ട ആ കുട്ടികൾക്കായി. അതുകൊണ്ടാണ് ആ നിയമം നടപ്പാക്കരുതെന്ന് സി.പി.ഐ പറയുന്നത്. അലനും താഹയും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ് തങ്ങൾക്കറിയാവുന്നത്. മാവോയിസ്റ്റുകളാണോ എന്നൊന്നും അറിയില്ല. അറിയാനുള്ള ഇന്റലിജൻസ് സംവിധാനമൊന്നും തങ്ങൾക്കില്ല. അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇത്തരം ഓരോ വിഷയവും മന്ത്രിസഭ ചർച്ച ചെയ്യേണ്ടതല്ലെന്നും കാനം പറഞ്ഞു.