h

വെഞ്ഞാറമൂട്: ദിനവും നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ കുടിക്കാൻ വെള്ളമില്ലാത്ത കഥയാണ് വാമനപുരം സർക്കാർ ആശുപത്രിക്ക് പറയാനുള്ളത്.

നെല്ലനാട്-വാമനപുരം പഞ്ചായത്തുകളുടെ അതിർത്തിയിൽ 2.6 ഏക്കർ വസ്തുവിൽ രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ട മുസാവരി ബംഗ്ളാവിലാണ് സംസ്ഥാന ശുചീകരണത്തോടുകൂടി ആശുപത്രി സ്ഥാപിതമായത്.

നെല്ലനാട്, വാമനപുരം, പുളിമാത്ത് പഞ്ചായത്തുകളിലുള്ള ഗ്രാമീണരായ ജനങ്ങൾ ആശ്രയിക്കുന്ന ഇൗ ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തത് രോഗികളിൽ നിരാശയുണർത്തുന്നു. മുൻപ് ഉണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം നിറുത്തലാക്കിയതും കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം ഇല്ലാത്തതും ജനങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി എന്ന് രേഖകളിൽ കാണുമ്പോഴും വൈകിട്ട് 6 ന് ശേഷം ഒ.പി ഇല്ലാത്തതുകാരണം വലിയകുന്ന് ഗവ. ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും നെട്ടോട്ടമോടേണ്ട ഗതികേടിലാണ് ഗ്രാമീണ ജനതയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഉൾപ്പെടെ 14 കിടക്കകൾ ഉള്ള 2 വാർഡുകൾ ഉണ്ടെങ്കിലും രോഗികളെ അഡ്മിറ്റ് ചെയ്യാതെ വലിയകുന്ന് ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.

വാമനപുരം ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇൗ ആശുപത്രി കെട്ടിടങ്ങൾക്കിടയിലൂടെ പൊതുവഴി അനുവദിച്ചിരിക്കുന്നത് ആശുപത്രിയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യമാണെന്ന് ജീവനക്കാർതന്നെ പറയുന്നു.

പ്രവർത്തനം തുടങ്ങിയിട്ട് 70 വർഷത്തോളം എത്തിനിൽക്കുന്ന ഇൗ ആശുപത്രിയിൽ മികച്ച ചികിത്സാസൗകര്യങ്ങളും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും ഇതുവരെയും എത്തിച്ചേർന്നിട്ടില്ല.