വർക്കല: ദളിത് യുവതിയെ വിവാഹത്തലേന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജംഗ്ഷന് സമീപം നസീബ് മംഗലത്ത് നസീബ് (23) ആണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ യുവതിയുടെ പരിചയക്കാരനാണ് ഇയാൾ. യുവതിയെ തട്ടിക്കൊണ്ടു പോയി കയറ്റാഫീസിന് സമീപത്തുളള വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് കേസ്. രാത്രി തന്നെ യുവതിയെ വീടിനു സമീപം കൊണ്ടുവിട്ട് പ്രതി കടന്നു കളഞ്ഞു. പീഡനവിവരം രഹസ്യമാക്കി വച്ച യുവതിയുടെ വിവാഹം കണ്ണൂർ സ്വദേശിയുമായി അടുത്ത ദിവസം തന്നെ നടന്നു. വിവാഹശേഷം പീഡനവിവരം യുവതി ഭർത്താവിനെ അറിയിച്ചു. ഇതോടെ യുവതിയെ ഭർത്താവ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അവിടെ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച വർക്കല പൊലീസ് കയറ്റാഫീസ് ജംഗ്ഷന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.വി.ബേബിയുടെ നിർദ്ദേശാനുസരണം വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്.ഐമാരായ ശ്യാം, ശശിധരൻ, ജി.എസ്.ഐ. സുനിൽ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.