പാലോട്: നന്ദിയോട് പഞ്ചായത്ത് മാർക്കറ്റിനുള്ളിലെ മാലിന്യങ്ങൾ സംഭരിക്കാനായ് നിർമ്മിച്ച ടാങ്ക് ഇപ്പോൾ കൊതുകു വളർത്തൽ കേന്ദ്രമായി മാറി. മാലിന്യ സംഭരമിക്കായി ടാങ്ക് നിർമ്മിച്ചപ്പോൾ പ്രദേശവാസികളുടെ എതിർപ്പിനെതുടർന്ന് ജലസംഭരണിയാക്കി മാറ്റിയിരുന്നു. എന്നാൽ മാർക്കറ്റിലെ മാലിന്യങ്ങൾ വലിച്ചെറിയുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ടാങ്ക്. മാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പദ്ധതിയും പഞ്ചായത്തിന് ഉണ്ടായിരുന്നെങ്കിലും അതും നടന്നില്ല. എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.