governor

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗവർണർ അനുദിനം നിലപാട് കടുപ്പിക്കുമ്പോൾ, ഈ മാസം 30ന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിന്റെ ഭാവിയിലും ആകാംക്ഷയേറി.

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയിരിക്കെ, ഇക്കാര്യവും കേന്ദ്രത്തിനെതിരായ നിലപാടും മന്ത്രിസഭ തയ്യാറാക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ഇടം പിടിക്കാനാണ് സാദ്ധ്യത. അതിനോട് ഗവർണറുടെ പ്രതികരണം ഏത് രീതിയിലാകുമെന്നതിലേക്ക് ഏവരും ഉറ്റുനോക്കുന്നു.

പ്രസംഗം ഗവർണർ അതേ പടി വായിക്കുമോ, അതോ വെട്ടിച്ചുരുക്കുമോ? മന്ത്രിസഭായോഗം അംഗീകരിച്ച് കൈമാറുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ഇഷ്ടമുള്ള ഭാഗങ്ങൾ വായിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. മുമ്പും ഗവർണർമാർ ഇഷ്ടമില്ലാത്ത ഭാഗങ്ങൾ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ തയ്യാറാക്കി അയയ്ക്കുന്ന കരട് പ്രസംഗത്തിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഗവർണർക്ക് നിർദ്ദേശിക്കാം. സർക്കാരിന് അത് തിരുത്തുകയോ തിരുത്താതിരിക്കുകയോ ചെയ്യാം. പ്രസംഗം മുഴുവനും വായിക്കാതെ സഭയുടെ മേശപ്പുറത്ത് വച്ചതായി ഗവർണർക്ക് പറയാം. അച്ചടിച്ച് നൽകുന്ന പ്രസംഗത്തിലില്ലാത്ത കാര്യങ്ങൾ ഗവർണർക്ക് പറയാനാവില്ല.

കഴിഞ്ഞ നിയമസഭയുടെ കാലത്ത് നയപ്രഖ്യാപന പ്രസംഗം തുടങ്ങും മുമ്പ് പ്രതിപക്ഷ ബഹളമുണ്ടായപ്പോൾ അന്നത്തെ ഗവർണർ പി. സദാശിവം പ്രതിപക്ഷ നേതാവ് അച്യുതാനന്ദനെ വിളിച്ച് ദൗർഭാഗ്യകരമെന്ന് പറ‌ഞ്ഞു. അത് പ്രസംഗത്തിന്റെ ഭാഗമല്ല. നയപ്രഖ്യാപന ദിവസം ഗവർണറാണ് സഭയിലെ അദ്ധ്യക്ഷ പദവിയിലെന്നതിനാൽ ബഹളമുണ്ടാക്കുന്ന അംഗങ്ങൾക്കെതിരെ നടപടിയെടുക്കാനുമാവും.