തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ചോദിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അവകാശമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.ഗവർണർ ഭരണഘടന വായിച്ചുനോക്കണം. സർക്കാരിനെതിരെ രാഷ്ട്രപതിക്ക് റിപ്പോർട്ട് കൊടുക്കാമെന്നത് മാത്രമാണ് ഗവർണ്ണർക്ക് പരമാവധി ചെയ്യാനാവുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിനാണ് നടപടികളെടുക്കാൻ അധികാരം. സംസ്ഥാന സർക്കാരിനേക്കാൾ വലിയ അധികാരിയല്ല ഗവർണ്ണർ.
ഗവർണ്ണറെ മാറ്റാൻ സർക്കാർ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, രാജ്യത്ത് വലിയ വിഷയങ്ങൾ നടക്കുകയാണെന്നും ഇത്തരം ചെറിയ വിഷയങ്ങൾ പറഞ്ഞ് അതിന്റെ പ്രാധാന്യം കളയരുതെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തെയും വെവ്വേറെ കാണണം. ദേശീയതലത്തിൽ പൗരത്വഭേദഗതിനിയമത്തിനെതിരെ രാഷ്ട്രീയപ്പാർട്ടികൾ യോജിച്ച് പ്രക്ഷോഭം നടത്തുന്നത് തിരഞ്ഞെടുപ്പ് ലാക്കാക്കിയല്ല. പൗരത്വഭേദഗതിക്കെതിരായ പൊതുവേദിയാണത്. കേരളത്തിൽ യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയതിന്റെ കാരണം അവരോട് ചോദിക്കണം.
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിൽ മുസ്ലീംലീഗിനെ ഒപ്പം കൂട്ടുമോയെന്ന ചോദ്യത്തിന്, കോൺഗ്രസും ലീഗും എൽ.ഡി.എഫുമെല്ലാം അതിനെതിരാണെന്നും അതിനാൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.
കരസേനാ മേധാവി രാഷ്ട്രീയം പറയരുത്. ഭരണനേതൃത്വത്തിന്റെ കഴിവുകേടാണ് ഇത് തെളിയിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലും ഇന്ത്യൻ ഭരണഘടന വായിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.