mahaboob
മെഹ്ബൂബ് പാഷ

പിടികൂടിയത് ബംഗളുരുവിൽ നിന്ന് മൂന്ന് കൂട്ടാളികളും അറസ്റ്റിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസണെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനും നിരോധിത ഭീകര സംഘടനയായ അൽ- ഉമ്മ നേതാവുമായ മെഹ്‌ബൂബ് പാഷ ബംഗളൂരുവിൽ അറസ്റ്റിലായി. കേസിലെ 17 അംഗ സംഘത്തിന്റെ തലവനായിരുന്നു മെഹ്ബൂബെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇയാളുടെ കൂട്ടാളികളായ ജബിയുളള, മൻസൂർ ഖാൻ, അജ്മത്തുളള എന്നിവരെയും ബംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് രണ്ടു ദിവസങ്ങളിലായി പിടികൂടി. പ്രതികളെ എൻ.ഐ.എ കോടതി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

മെഹ്ബൂബ് ഉൾപ്പെട്ട സംഘം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

കളിയിക്കാവിള കൊലപാതകത്തിന് പ്രധാന പ്രതികളായ അബ്ദുൾ ഷമീമിനും തൗഫീഖിനും ആയുധം നൽകിയ ഇജാസ് പാഷയെ ചോദ്യം ചെയ്തപ്പോൾ തന്നെ സംഘത്തലവൻ മെഹ്ബൂബ് പാഷയാണെന്നു പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്ന് ആയുധക്കടത്തിന്റെ നിർണായക വിവരങ്ങൾ സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. വിദേശത്ത് നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യാൻ മെഹ്ബൂബ് പാഷ ശ്രമിച്ചെന്നും വ്യക്തമായി.ഇയാൾക്ക് ഐസിസ് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഐസിസിൽ ചേർന്ന ശേഷം മടങ്ങിയെത്തിയ മെഹ്ബൂബ് പാഷ മൊയ്‌നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമയിൽ പ്രവർത്തിച്ചെന്നാണ് പൊലീസ് കരുതുന്നത്. കളിയിക്കാവിള കേസിൽ മെഹ്ബൂബ് പാഷയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യും.