പാറശാല: ചെറുവാരക്കോണം സാമുവൽ എൽ.എം എസ്. ഹൈസ്കൂളിലെ ഗണിതോത്സവത്തിൽ അതിഥിയായി എത്തിയത് ഗണിത ശാസ്ത്ര ഗ്രന്ഥകാരൻ പള്ളിയറ ശ്രീധരൻ മാഷ്. കുട്ടികളോട് ഗണിത വർത്തമാനങ്ങൾ പങ്കിട്ടും കഥകൾ പറഞ്ഞും കൈപ്പട ചാർത്തിയ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചുമാണ് ഈ ഗണിത മാന്ത്രികൻ തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. 1950 ജനുവരി 17ന് കണ്ണൂർ ജില്ലയിലെ എടയന്നൂരിലായിരുന്നുപള്ളിയറ മാഷിന്റെ ജനനം. ഗണിത പുസ്തക രചനയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ ശ്രീധരൻ മാഷ് 1999 ൽ അദ്ധ്യാപക വൃത്തി ഉപേക്ഷിച്ച് മുഴുവൻ സമയ ഗണിത സംബന്ധിയായ പുസ്തക രചനയിൽ മുഴുകി. ഇതിനകം150 ലേറെ പുസ്തകങ്ങൾ പുറത്തിറങ്ങി. ബാലസാഹിത്യത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമുൾപ്പെടെ 14 ഓളം പുരസ്കാരങ്ങളും മാഷിനെ തേടിയെത്തി. ചെറുവാരക്കോണം സ്കളിൽ നടന്ന ചടങ്ങിൽ എൽ.എം.എസ് കോർപ്പറേറ്റ് മാനേജർ ഡി. സത്യജോസ് പള്ളിയറ ശ്രീധരന്റെ പൊന്നാട അണിയിച്ചു. ബി.പി.ഒ എസ്. കൃഷ്ണകുമാർ ജന്മദിന സമ്മാനവും നൽകി. സാമൂഹിക പങ്കാളിത്തത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പാറശാല ഉപ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഗണിതോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.