തിരുവനന്തപുരം: വീ ദ പീപ്പിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരസംഗമത്തിൽ ജനാധിപത്യ മതേതര മുദ്രാവാക്യങ്ങൾ ഉയർന്നു മുഴങ്ങി. വിവിധ സാംസ്‌കാരിക പരിപാടികളോടെ നിശാഗന്ധിയിൽ നടന്ന പൗരസംഗമത്തിൽ വിവിധ സമയങ്ങളിലായി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഐക്യദാർഢ്യം അർപ്പിക്കാനെത്തി. പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കേണ്ട സമയമിതാണെന്നും ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും പ്രതികരിക്കേണ്ടി വരില്ലെന്നും പൗരസംഗമത്തെ അഭിവാദ്യം ചെയ്തുകൊണ്ട് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേന്ദ്രനടപടിയിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണെന്നും ജമ്മുകാശ്മീരിൽ ഉൾപ്പെടെ ജനങ്ങൾ ഭയചകിതരാണെന്നും സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞു. രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും കേരളത്തിൽ എത്തിയപ്പോഴാണ് സ്വതന്ത്ര്യം ശ്വസിക്കുന്നതെന്നും മാഗ്സസെ അവാർഡ് ജേതാവ് സന്ദീപ് പാണ്ഡെ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവസരം ഡൽഹിയിൽ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ വ്യക്തമാക്കി. ഡൽഹിയിൽ സി.എ.എക്കെതിരായ പ്രതിഷേധം വ്യാപകമാണ്. പക്ഷേ പൊലിസ് നടപടികളിലൂടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഡൽഹിയിലെ സർവകലാശാല വിദ്യാർത്ഥിയായ അമുദ ജയദീപ് പറഞ്ഞു. ദേശീയതലത്തിൽ പ്രശസ്തരായ ശബ്നം ഹഷ്മി, മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, എം. നൗഷാദ്, സി.കെ. ജാനു തുടങ്ങിയവർ പൗരസംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അണിനിരന്ന കലാപരിപാടികളും അരങ്ങേറി.