ശബരിമല: മകരവിളക്കിന് ശേഷവും കണക്കുകൂട്ടലുകൾ തെറ്റിച്ച് സന്നിധാനത്തേക്ക് വൻ ഭക്തജനപ്രവാഹം. തിരക്ക് തിയന്ത്രണത്തിനായി പൊലീസ് ഒരുക്കിയ എല്ലാ സംവിധാനങ്ങളും പാളിയതോടെ മണിക്കൂറുകൾ ക്യൂവിൽ കാത്തുനിന്ന് അക്ഷമരായ തീർത്ഥാടകർ ശരംകുത്തിയിൽ ബാരിക്കേഡുകൾ തകർത്തു.
ശരണപാതയിൽ നിരവധി തവണ തീർത്ഥാടകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. തിരക്ക് നിയന്ത്രണം കൈവിട്ടതോടെ പൊലീസ് തീർത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും വടം കെട്ടി തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹം ആരംഭിച്ചത്.
മകരവിളക്കിന് ശേഷം പൊലീസ് സേനയുടെ അംഗബലം കുറച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മകരവിളക്കു വരെ സന്നിധാനത്ത് 1550, പമ്പയിൽ 2000, പുല്ലുമേട്ടിൽ 1285 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഇതിനു പുറമെ വനംവകുപ്പ്, അഗ്നിശമന സേനാ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിരുന്നു. എന്നാൽ, മകരവിളക്കിനുശേഷം പൊലീസ് സേനയുടെ അംഗബലം മൂന്നിലൊന്നായി കുറച്ചു. സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിനായി 500ൽ താഴെ പൊലീസുകാർ മാത്രമാണ് ഉള്ളത്.
ഷിഫ്ട് അടിസ്ഥാനത്തിൽ ഡ്യൂട്ടി നോക്കുന്നതിനാൽ ഒരുനേരം 200ൽ താഴെ പൊലീസുകാരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിനായി എത്തുന്നത്. മാത്രമല്ല മുൻപരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മകര പൊങ്കൽ കഴിഞ്ഞതോടെ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തർക്ക് ചെറിയ തോതിൽ പരിക്കേറ്റു. പ്രായമായവർക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.