- 'ടു ബി ഓർ നോട്ട് ടു ബി- ദാറ്റ് ഇസ് ദ ക്വസ്റ്റ്യൻ' എന്ന് ചെന്നിത്തലഗാന്ധി ഈ ദിവസങ്ങളിലായി ഉറക്കത്തിന്റെ ആഴങ്ങളിൽ നിന്ന് ഞെട്ടിയുണർന്ന് പിറുപിറുക്കാറുണ്ടെന്ന് പിണറായി സഖാവിന്റെ സ്വന്തം ഇന്റലിജന്റ്സ് സെറ്റപ്പ് രഹസ്യമായി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആ വേളകളിൽ ചെന്നിത്തലഗാന്ധിയുടെ സ്വപ്നത്തിൽ വില്ലൻവേഷത്തിൽ ചോമ്പാലഗാന്ധി മുല്ലപ്പള്ളിയുടെ ചിരിക്കുന്ന രൂപം വരാറുണ്ടത്രെ. ചിരിയാണെങ്കിലും അതൊരു കൊലച്ചിരി പോലെയാണ് ചെന്നിത്തലഗാന്ധിക്ക് അനുഭവപ്പെടാറെന്ന് പിണറായി സഖാവിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇന്റലിജന്റ്സുകാർ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.
ചെന്നിത്തലഗാന്ധിയുടേത് വല്ലാത്തൊരവസ്ഥയാണെന്നാണ് ഇന്റലിജന്റ്സുകാർ വേദനയോടെ വിവരിക്കുന്നത്. ഹാംലറ്റ് രാജകുമാരനോട് കൊല്ലപ്പെട്ട അച്ഛൻ സ്വപ്നത്തിൽ വന്നിട്ട്, എന്നെ കൊന്നത് നിന്റെ ഇളയച്ഛൻ ക്ലോഡിയസ് ആണെന്ന് പറഞ്ഞപ്പോൾ ഹാംലറ്റ് രാജകുമാരനിലുണ്ടായ വൈബ്രേഷൻ മറ്റൊരളവിൽ ചെന്നിത്തല ഗാന്ധിയിലും സംഭവിക്കുന്നതായി പിണറായി സഖാവിന്റെ ഇന്റലിജന്റ്സുകാർ പറയുന്നു.
വാലിന്റെ അങ്ങേയറ്റത്ത് പുലിയുണ്ടെന്നാകയാൽ, വാലിന്റെ ഇങ്ങേയറ്റം പിടിച്ചുപോയ ആൾക്ക് ആ പിടി വിടാനോ വിടാതിരിക്കാനോ കഴിയാതിരിക്കുന്ന പ്രത്യേകസാഹചര്യത്തെയും ചെന്നിത്തലഗാന്ധിയുടെ ഇപ്പോഴത്തെ അവസ്ഥയോട് ഉപമിക്കാൻ ഇന്റലിജന്റ്സുകാർ തുനിഞ്ഞിട്ടുണ്ട്.
സത്യത്തിൽ ചെന്നിത്തലഗാന്ധിക്ക് ഈ അത്യാപത്ത് വരാനിടയാക്കിയതെന്താണ്? പിണറായി സഖാവിന്റെ ചില കരുനീക്കങ്ങളിൽ ചെന്നിത്തലഗാന്ധി കുരുങ്ങിപ്പോയതാണോ? പൗരത്വഭേദഗതിയെന്ന് കേൾക്കുന്ന മാത്രയിൽ ചെന്നിത്തലഗാന്ധിക്ക് ഉള്ളംകാലിൽ നിന്നൊരു തരിപ്പ് ഇരച്ച് മേല്പോട്ട് കേറിപ്പോകാറുണ്ട്. ആ മാത്രയിൽ ചെയ്യുന്നതൊന്നും ഗാന്ധിക്ക് പിന്നീട് പിടികിട്ടാറില്ല. സംയുക്തസമരമായാലോ എന്ന് ചെന്നിത്തലഗാന്ധി പിണറായി സഖാവിനോട് ചോദിച്ചുപോയത് ഈയൊരു ദുർബലനിമിഷത്തിലായിരുന്നു. കേട്ടത് പാതി, കേൾക്കാത്തത് പാതി സഖാവ് അതങ്ങ് ആഘോഷമായി ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ, ചോമ്പാലഗാന്ധി മുല്ലപ്പള്ളിയുടെ സ്ഥിതി അതല്ല. ഓരോ ചുവടും നോക്കിയും കണ്ടും എന്നതാണ് ഈ ഗാന്ധിയുടെ ഇരിപ്പുവശം. പൗരത്വഭേദഗതിയല്ല, ഇനി ലോകം ഇടിഞ്ഞുവീണാലും പിണറായി സഖാവിനിട്ട് രണ്ട് കൊട്ട് കൊട്ടിയാലല്ലാതെ മുല്ലപ്പള്ളിഗാന്ധി ഉറങ്ങാറില്ല. അങ്ങനെയിരിക്കുന്ന ചോമ്പാലഗാന്ധിയുടെ മുന്നിൽ വച്ച് മഹാത്മഗാന്ധി- ഇർവിൻ സന്ധിക്ക് ശേഷം ചരിത്രപ്രസിദ്ധമായ ചെന്നിത്തലഗാന്ധി-പിണറായി സഖാവ് സന്ധി തിരുവനന്തപുരത്തെ രക്തസാക്ഷിമണ്ഡപത്തിൽ വച്ച് അരങ്ങേറിയാൽ എന്താകും സ്ഥിതി. അതുതന്നെയാണ് സംഭവിച്ചത്. പിണറായി സഖാവുമായി സന്ധി ചേർന്ന് പൗരത്വസമരമല്ല, ഒരു സമരവും പറ്റില്ലെന്നാണ് ചോമ്പാല ഗാന്ധിയുടെ ഖണ്ഡിതനിലപാട്. പിണറായി സഖാവ് ദയാവാരിധിയായി ഒരു നോട്ടമെറിഞ്ഞ് മാടി വിളിക്കുമ്പോൾ എങ്ങനെ പോകാതിരിക്കുമെന്ന ചിന്താക്കുഴപ്പത്തിൽ നിൽക്കുന്ന ചെന്നിത്തലഗാന്ധിക്ക് മുല്ലപ്പള്ളി ഗാന്ധിയുടെ മുഖം ഓർമ്മിക്കുമ്പോൾ വേവലാതിയാണ്. ശരിക്കും പൗരത്വസമരത്തിന്റെ ക്രെഡിറ്റ് പിണറായി സഖാവ് കൊണ്ടുപോയോ എന്നൊരു ശങ്ക ഇതെല്ലാം ഓർക്കുമ്പോൾ ചെന്നിത്തലഗാന്ധിയുടെ ഉള്ളിൽ മനംപുരട്ടലിന് വരെ വഴിവയ്ക്കുന്നുണ്ട്. പിണറായി സഖാവാണെങ്കിൽ പ്രളയമുണ്ടായാലും ഹെലികോപ്റ്ററിൽ കൂട്ടിന് പോകാൻ ചെന്നിത്തലഗാന്ധിയെ സ്നേഹത്തോടെ മാടിവിളിക്കുകയും ചെയ്യുന്നു.
ടുബി ഓർ നോട്ട് ടു ബി... എന്ന് ചെന്നിത്തലഗാന്ധി വിലപിച്ച് പോയാൽ കുറ്റം പറയാനാവില്ല. യൂ ടൂ ബ്രൂട്ടസ്... എന്ന് മുല്ലപ്പള്ളിഗാന്ധി അന്നേരം നിലവിളിച്ചാൽ അതിനെയും കുറ്റം പറയാനാവില്ലതന്നെ! ഇതിലും ഭേദം ന.മോ.ജി- ഷാജി സഖ്യത്തിന്റെ പൗരത്വഭേദഗതി വഴി പൗരത്വം തന്നെ റദ്ദാക്കിക്കിട്ടുന്നതായിരുന്നുവെന്ന് ചെന്നിത്തലഗാന്ധി ചിന്തിച്ചുപോയാൽ അതിലും തെറ്ര് പറയാനാവില്ല.
ആരിഫ്ഖാൻ ഗവർണർ വല്ലാത്തൊരു ഗവർണർ തന്നെയെന്ന് സത്യത്തിലിപ്പോൾ പിണറായി സഖാവും തിരിച്ചറിയുകയാണ്. 'അർക്കനെഴുന്നള്ളുന്നത് കാണ്മാൻ, വെക്കം ചെന്നു നിറഞ്ഞു ജനങ്ങൾ...' എന്ന മട്ടിലല്ലേ ചാനലുകാരായ ചാനലുകാരെല്ലാം ആരിഫ്ഖാൻ ഗവർണ്ണർ പോകുന്നേടത്തെല്ലാം കാമറയും കോലുമായി നടക്കുന്നത് ! ഈ കോല് കാണുമ്പോൾ പിണറായി സഖാവിനിട്ട് രണ്ട് പറയാൻ നാക്ക് ചൊറിഞ്ഞു വരുന്നുണ്ടെന്ന് ഖാൻസാഹിബ് ആരോടെങ്കിലും പറയുന്നെങ്കിൽ തെറ്റ് പറയാനാവില്ല. സംഗതിയുടെ ഇരിപ്പുവശം അതായിപ്പോയി. സദാശിവം ഗവർണർ മതിയായിരുന്നു എന്ന് പിണറായി സഖാവും ചിലരോടെല്ലാം പറയുന്നുണ്ടെന്നാണ് രഹസ്യറിപ്പോർട്ട്.
പിണറായി സഖാവ് തിരിഞ്ഞാലും മറിഞ്ഞാലും താനറിയണമെന്നാണ് ഖാൻസാഹിബ് പറയുന്നത്. പഞ്ചായത്തിന്റെ വാർഡ് മുറിച്ചുകൂട്ടാൻ ഓർഡിനൻസ് കൊണ്ടുവന്നാലും ഒപ്പിട്ട് തരില്ലെന്നാണ് ഖാൻസാഹിബിന്റെ നിലപാട്. ഓർഡിനൻസിൽ ഒപ്പ് ചാർത്തരുതെന്ന് പറഞ്ഞുപോയ ചെന്നിത്തലഗാന്ധിക്ക് പൗരത്വമെന്ന് കേൾക്കുമ്പോൾ ചോര തിളയ്ക്കുന്നത് കൊണ്ടുതന്നെ, ഗവർണറുടെ പുതിയ സമീപനം കണ്ടിട്ട് കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവമായിട്ടുണ്ട്.
മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി, അഥവാ മുല്ലപ്പള്ളിഗാന്ധി വീണ്ടും മുല്ലപ്പള്ളി ഗാന്ധിയായി എന്നാണിപ്പോൾ ഡൽഹിയിൽ പറഞ്ഞുകേൾക്കുന്ന കഥ. കെ.പി.സി.സിക്ക് മഹാജംബോ പട്ടിക ആദ്യം കൈയിൽ കിട്ടിയപ്പോൾ പകച്ചുപോയ ബാല്യമായിരുന്നു ഗാന്ധിയുടേത്. ജംബോ പറ്റില്ല, വൺ മാൻ വൺ പോസ്റ്റ് മതി എന്നെല്ലാം വലിയ വായിൽ പറഞ്ഞുവച്ചാണ് ഗാന്ധി ഡൽഹിക്ക് വിമാനം കേറിയതെങ്കിലും ഹൈക്കമാൻഡിന് മുന്നിൽ ചെന്നിത്തലഗാന്ധിയുടെ നില്പ് കണ്ടതോടെ വീണ്ടും കവാത്ത് മറന്നെന്നാണ് പറയുന്നത്. മഹാജംബോ തന്നെ ശരണം എന്ന നിലയിലേക്ക് സ്വന്തം മനസിനെ പാകപ്പെടുത്തിയെടുക്കാനുള്ള യോഗാസനങ്ങൾ പരിശീലിക്കുന്ന തിരക്കിലാണിപ്പോൾ ചോമ്പാലഗാന്ധി എന്നാണ് ഹൈക്കമാൻഡ് കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com