ഒരു സംഘം നാരായണഗുരു ഭക്തന്മാർ കാണാൻ വന്നു. എല്ലാവർക്കും കൂടി ഇരിക്കാൻ മുറിയിൽ ഇടമില്ലാത്തതുകൊണ്ട് ഞാനും കൂടി വെളിയിൽ പോയി പ്രാർത്ഥനാഹാളിലിരുന്നു. അവരെല്ലാം ഇരുപ്പുറപ്പിച്ചു.
ഞാൻ ചോദിച്ചു: ''നിങ്ങളെല്ലാം ഗുരുഭക്തന്മാരാണ്, അല്ലേ?"
''അതെ."
''ഗുരുഭക്തി പലതരമുണ്ട്. അറിയാമോ?"
''അറിയില്ല."
''ചില ഗുരുഭക്തർ ഗുരുവിനെ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രതിഷ്ഠിച്ച് പൂജിച്ച്, സ്വന്തം ഭക്തി പ്രകടമാക്കും. ചിലർ ഗുരു എഴുതിത്തന്ന വളരെ അസാധാരണമായ കൃതികളിലെ വരികൾ ഉരുവിട്ടു പഠിക്കും. ഇതു വേറൊരുതരം ഭക്തി. ഇതിൽ ഏതാണ് കൂടിയത്?"
''രണ്ടാമത്തേതുതന്നെ."
''ഇനിയൊരു കൂട്ടരുണ്ട്. അവർ ഈ വരികളുടെ അർത്ഥം അന്വേഷിച്ചു കണ്ടെത്തി പഠിക്കും. അതൊരുതരം ഗുരുഭക്തിയാണ്. ഇതു രണ്ടാമതു പറഞ്ഞതിനേക്കാൾ കുറഞ്ഞതോ കൂടിയതോ?"
''കൂടിയത്."
''ഇനിയും ചിലരുണ്ട്. ഈ വരികൾ വായിച്ച്, അർത്ഥമറിഞ്ഞ്, അതിന്റെ വെളിച്ചത്തിൽ ജീവിക്കും. ഇതു വേറൊരുതരം ഗുരുഭക്തിയാണ്. ഈ ഭക്തിയുടെ തലമേതാണ്?"
''നേരത്തേ പറഞ്ഞതിനേക്കാളും കൂടിയത്."
''ഇനിയും ചില ഭക്തന്മാരുണ്ട്. അവർ ഈ അർത്ഥരഹസ്യമറിഞ്ഞ്, അതുവഴി ഗുരുവിൽ ലീനരായി ജീവിക്കും. ഇവരുടെ ഭക്തിയോ?"
''അത് ഇതിനു മുമ്പു പറഞ്ഞതിനെക്കാളെല്ലാം കൂടിയത്."
''ഗുരുഭക്തിയുടെ പാരമ്യതയിൽ ഗുരുവും ഭക്തനും ഒന്നായിത്തീരും. ദൈവത്തെ ഭജിക്കുന്ന ഭക്തന്മാരിലെ ഭക്തിയുടെ പാരമ്യത ദൈവവും ഭക്തനും തമ്മിൽ ഒന്നായിത്തീരലാണ്. ഇതിനപ്പുറമൊരു ഭക്തിയില്ല. ഇതിൽ നിങ്ങൾക്ക് ഏതു ഭക്തിയാണ് വേണ്ടത്?"
ആരും മിണ്ടിയില്ല.
''ഭക്തിയുടെ ഉയരങ്ങളിലേക്കു പോകാൻ നിങ്ങൾക്കു സാധിക്കില്ലേ?"
''പ്രയാസമാണ്."
''പ്രയാസമുള്ള കാര്യങ്ങൾ വേണ്ടെന്നു വെയ്‌ക്കുന്നതാണല്ലോ പതിവും. അതുകൊണ്ട് ഉന്നതമായ ഗുരുഭക്തിയും വേണ്ടെന്നു വയ്ക്കാം, അല്ലേ? തൊഴിൽ രംഗത്തു പ്രവർത്തിക്കുന്നവർ ജോലി പരമാവധി കുറയ്ക്കുന്നതിനുള്ള വിദ്യകൾ കണ്ടുപിടിക്കും. അതുപോലെ ഇവിടെയും പ്രയാസങ്ങൾ പരമാവധി കുറയ്ക്കുന്നതരം ഭക്തി മതി നമുക്ക്. എന്നു സമാധാനിക്കാം. അല്ലേ?"
ആരും ഒന്നും മിണ്ടിയില്ല.
''ഞാൻ പറഞ്ഞു: ഇനി ഞാനൊന്നും പറയുന്നില്ല. നിങ്ങളെല്ലാം വരിൻ. പ്രസാദം തരാം!"