യാത്രക്കാർ ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പേ സ്വകാര്യ ബസുകൾ അശ്രദ്ധമായി മുന്നോട്ടെടുക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വാർത്തകൾ പതിവാണ്. മുമ്പേ പോയ ബസിനൊപ്പം എത്താനുള്ള മത്സരവും സമയക്രമം തെറ്റാതിരിക്കാനുള്ള വെപ്രാളവുമൊക്കെയാണ് പലപ്പോഴും യാത്രക്കാരെ അപകടത്തിലാക്കുന്ന ഈ അശ്രദ്ധയ്ക്ക് കാരണം. എന്നാൽ വയനാട്ടിലെ ബത്തേരിക്കടുത്ത് വെള്ളിയാഴ്ച ഒരു അച്ഛനും മകൾക്കും സ്വകാര്യ ബസ് ജീവനക്കാരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം മൂലം നേരിടേണ്ടിവന്ന കഷ്ടനഷ്ടങ്ങൾ സമാനതകളില്ലാത്തതാണ്. അച്ഛനും മകളും ഇറങ്ങും മുമ്പേ ബസ് മുന്നോട്ടെടുത്തപ്പോൾ മകൾ റോഡിൽ വീഴുകയായിരുന്നു. വീഴ്ചയിൽ കൈയും ഒടിഞ്ഞു. ഈ അതിക്രമം കണ്ട് രോഷാകുലനായി അച്ഛൻ ബസ് ജീവനക്കാരെ ചോദ്യം ചെയ്യാനായി വീണ്ടും ബസിൽ കയറാൻ ശ്രമിച്ചു. എന്നാൽ മര്യാദയില്ലാത്ത കണ്ടക്ടർ അദ്ദേഹത്തെ ബലമായി പിടിച്ചിറക്കാൻ ശ്രമിക്കവെ പിടിവിട്ട് റോഡിലേക്കു വീഴുകയായിരുന്നു. നീങ്ങിത്തുടങ്ങിയ ബസിന്റെ പിൻചക്രം ഹതഭാഗ്യനായ ആ മനുഷ്യന്റെ രണ്ടു കാലും തകർത്താണ് മുന്നോട്ടു പാഞ്ഞത്. ബസിലും പുറത്തുമുണ്ടായിരുന്ന ആളുകൾ ഈ അപകടം കണ്ട് ഞെട്ടിത്തെറിച്ച് വിളിച്ചുകൂവിയെങ്കിലും ബസ് നിറുത്താനോ റോഡിൽ രക്തമൊലിപ്പിച്ചു കിടന്നയാളെ രക്ഷിക്കാനോ ഒരു ശ്രമവും നടത്തിയില്ലെന്നാണു വാർത്ത. കണ്ടുനിന്നവരാണ് അച്ഛനെയും മകളെയും ആശുപത്രിയിലെത്തിച്ചത്.
അപകടം വരുത്തിയ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ കർശന നടപടി എടുക്കുമെന്നാണ് സംഭവം അറിഞ്ഞ മാത്രയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. ഇരുവരുടെയും ലൈസൻസ് കൈയോടെ ആർ.ടി.ഒ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ ലഘുവായ ഈ നടപടി കൊണ്ട് തീരുന്നതാണോ ഇവർ ചെയ്ത ക്രിമിനിൽ കുറ്റത്തിനുള്ള ശിക്ഷ. മരണത്തിനു തന്നെ കാരണമായേക്കാവുന്ന പ്രവൃത്തിയാണ് കണ്ടക്ടറിൽ നിന്നുണ്ടായതെന്നു പകൽ പോലെ വ്യക്തമാണ്. യാത്രാവാഹനത്തിലെ ജീവനക്കാർ പാലിക്കേണ്ട സുരക്ഷാവ്യവസ്ഥകൾ ഈ കേസിൽ ലംഘിച്ചതായി കാണാം. യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്തുവെന്ന് പൂർണമായി ഉറപ്പാക്കിയ ശേഷമേ ബസ് വിടാവൂ എന്നു കർക്കശ വ്യവസ്ഥയുള്ളതാണ്. വയനാട് സംഭവത്തിൽ ബസ് ജീവനക്കാർ ഈ വ്യവസ്ഥ ലംഘിച്ചുവെന്നു മാത്രമല്ല ബസിൽ നിന്ന് പിതാവിനെയും പുത്രിയെയും തള്ളിയിടുകയും ചെയ്തു എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നീതീകരണമില്ലാത്ത ഈ പ്രവൃത്തിയുടെ പേരിൽ ഉചിതമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റു ചെയ്യുകയായിരുന്നു വേണ്ടത്. അപകടത്തിൽ ഗുരുതരമായ നിലയിൽ പരിക്കേറ്റ യാത്രക്കാരന് അർഹമായ നഷ്ടപരിഹാരം നൽകാൻ തീരെ ഉത്തരവാദിത്വമില്ലാത്തവരെ ബസിൽ ഡ്യൂട്ടിക്കു നിയോഗിച്ച ബസുടമയും ബാദ്ധ്യസ്ഥനാണ്.
സ്വകാര്യ ബസുകൾക്കു മേൽക്കൈയുള്ള എല്ലായിടത്തും ഇതുപോലുള്ള അപകട സംഭവങ്ങൾ പതിവാണ്. ഗുരുതരമായ സംഭവങ്ങളുണ്ടാകുമ്പോഴേ അതു വാർത്തയാകാറുള്ളൂ എന്നു മാത്രം. അച്ഛനെയും മകളെയും ബസിൽ നിന്നു എത്രയും വേഗം പുറത്താക്കി മുന്നോട്ടു പായാൻ ജീവനക്കാരെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ടത്രെ. ബസ് നിറുത്തുന്നതു കണ്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ അതിൽ കയറാനായി ഓടിവരികയായിരുന്നു. വിദ്യാർത്ഥികളെ കണ്ടാൽ ഹാലിളകി പാഞ്ഞുപോകുന്നത് സ്വകാര്യ ബസുകളുടെ പൊതുസ്വഭാവമാണ്. ഈ സംഭവത്തിനു പിന്നിലും അതാണുണ്ടായതത്രെ. ഒരു കാരണവശാലും വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിക്കരുതെന്നു ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും സ്വകാര്യ ബസുകൾ സ്റ്റോപ്പുകളിൽ കുട്ടികളുടെ കൂട്ടം കണ്ടാൽ റോക്കറ്റ് വേഗത്തിലാണ് പോക്ക്. പലപ്പോഴും സ്വകാര്യ ബസുകളുടെ ഈ നടപടി സംഘർഷത്തിനു കാരണമാകാറുണ്ട്. കുട്ടികളുടെ സൗജന്യ യാത്രയ്ക്കെതിരെ ബസുടമകളുടെ സംഘടന നിരന്തരം പ്രതിഷേധിക്കാറുണ്ട്. സാധാരണ നിരക്കിന്റെ പകുതിയെങ്കിലും ഈടാക്കാൻ അനുവദിക്കണമെന്ന അവരുടെ അപേക്ഷ സർക്കാർ മുമ്പാകെ തീരുമാനം കാത്ത് കിടക്കുകയാണ്. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം പാടില്ലെന്ന് അഭിപ്രായപ്പെടുന്നവർ ധാരാളമുണ്ട്. എന്നാൽ രാഷ്ട്രീയാടിത്തറയുള്ള വിദ്യാർത്ഥി യൂണിയനുകൾ ശക്തമായ ഇടങ്ങളിൽ സ്വകാര്യ ബസുകളുടെ തോന്ന്യവാസം അധികമൊന്നും വിലപ്പോവുകയില്ല. കുട്ടികളെ കാണുന്ന മാത്രയിൽ നിറുത്താതെ പായാൻ ജീവനക്കാരും ഒന്നു മടിക്കും. തിരിച്ചും അതേ വഴി തന്നെ വരണമെന്നുള്ളതുകൊണ്ടാണത്.
സ്വകാര്യ ബസ് റൂട്ടുകളിലെ മത്സരഓട്ടം യാത്രക്കാർ ഭീതിയോടെയാണു കാണുന്നത്. ഏതു നിമിഷവും അപകട സാദ്ധ്യത മുന്നിൽ കണ്ടാണ് യാത്രക്കാർ ഇത്തരം ബസുകളിൽ ഭയപ്പാടോടെ ഇരിക്കുന്നത്. സ്റ്റോപ്പുകളിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിൽ കാണിക്കാറുള്ള അനാവശ്യധൃതി പലപ്പോഴും അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. മരണം പോലുമുണ്ടായ സംഭവങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ മാത്രമാണ് സർക്കാരും ചുമതലപ്പെട്ട അധികൃതരും പ്രശ്നത്തിൽ ഇടപെടുന്നത്. യാത്രക്കാരുടെ ജീവൻവച്ചുള്ള മരണക്കളി ഒരുതരത്തിലും അനുവദിച്ചുകൂടാത്തതാണ്. ബത്തേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളെ ചട്ടം പഠിപ്പിക്കാൻ ഗതാഗത വകുപ്പ് രംഗത്തിറങ്ങിയേ മതിയാവൂ. ഇതിലുൾപ്പെട്ട ബസ് ജീവനക്കാർക്ക് മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണം.