തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ മറ്റു വിഷയങ്ങളിലുള്ള സംയുക്ത പ്രക്ഷോഭങ്ങളെ മുക്കിക്കളയാനുള്ള തന്ത്രമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങളിൽ നിന്ന് കോൺഗ്രസ് പിൻമാറിയതെന്ന് എം.എം ഹസൻ. പ്രതിപക്ഷവും ഭരണപക്ഷവും പൗരത്വനിയമ വിഷയത്തിൽ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുന്നതിനാണ് ആദ്യഘട്ടത്തിൽ സംയുക്ത സത്യഗ്രഹം സംഘടിപ്പിക്കുകയും പിന്നീട് നിയമസഭ ചേർന്ന് പ്രമേയം പാസാക്കുകയും ചെയ്തതെന്നും പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ ഹസൻ പറഞ്ഞു.
കെ.പി.സി.സി പുന:സംഘടന രണ്ടോ മൂന്നോ ദിവസത്തിനകം ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ചതിൽ നിന്ന് മനസ്സിലാവുന്നത്. ഭാരവാഹികളെ കണ്ടെത്താൻ ഇലക്ഷനാണെങ്കിൽ വേഗത്തിൽ നടക്കും. ഇത് സെലക്ഷനാണ്. അർഹരായ കുറേയധികം പേരിൽ നിന്ന് നിശ്ചിത സംഖ്യയ്‌ക്കൊത്ത് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.