തിരുവനന്തപുരം : കാർഷികമേഖലയിലെ മൂല്യവർദ്ധന സംരംഭങ്ങൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന പദ്ധതി ആനയറ കാർഷിക മൊത്തവ്യാപാര വിപണിയിൽ പ്രവർത്തിക്കുന്ന സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി) മുഖേന കൃഷിവകുപ്പ് നടപ്പാക്കും. സൂക്ഷമതലസംരംഭങ്ങൾ, ചെറുകിടസംരംഭങ്ങൾ, ഇടത്തരംസംരംഭങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ആനുകൂല്യം നൽകുന്നത്. മൂലധന നിക്ഷേപം 25 ലക്ഷം രൂപ വരെയുള്ള ചെറുകിട സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെയും 25 ലക്ഷംരൂപ മുതൽ ഒരുകോടി രൂപ വരെയുളള ചെറുകിടസംരംഭങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപ വരെയും ഒരു കോടി മുതൽ 5 കോടി വരെയുള്ള ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും. പദ്ധതിക്കാവശ്യമായ കെട്ടിട നിർമ്മാണം, യന്ത്രവത്കരണം, മാലിന്യസംസ്‌കരണം, ഓഫീസ് ഉപകരണങ്ങൾ, തുടങ്ങിയവയ്ക്കാണ് സഹായം. ഇതിനായി സംരംഭകർ ഓൺലൈനായി 31 നു മുമ്പ് www.sfackerala.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ രേഖകളും അപേക്ഷകൻ ഓൺലൈൻ അപേക്ഷയുടെ പ്രിന്റിനോടൊപ്പം ഹാർഡ്‌കോപ്പിയായി എസ്.എഫ്.എ.സി ഓഫീസിൽ സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471- 2742110.