ddd

നെയ്യാറ്റിൻകര : വേനൽ കനത്തു തുടങ്ങി ഒപ്പം കൃഷിയും നശിച്ചു. ഇടിവെട്ടിയവനെ പാമ്പിനെ വിട്ട് കടിപ്പിക്കും വിധം നെയ്യാർ ഡാമിലെ വെള്ളം അധികൃതർ തുറന്നു വിടുന്നുമില്ല. കർഷകരുടെ വേവലാതികൾ ആരു കേൾക്കാനെന്ന് പറഞ്ഞ് നെടുവീർപ്പിടുന്ന കർഷകർ നെയ്യാറ്റിൻകരയുടെ ദു:ഖമായി.

വിളവംകോട്,നെയ്യാറ്റിൻകര താലൂക്കുകളിലെ കൃഷി സംരക്ഷിക്കാനായി കോടികൾ മുടക്കി നിർമ്മിച്ച നെയ്യാർ ഇറിഗേഷൻ കനാലുകളുംഇതോടനുബന്ധിച്ചുള്ള അക്വഡക്ടുകളും നാശോന്മുഖമായിരിക്കുകയാണ്. പൂർണമായും കോൺക്രീറ്റിൽ നിർമ്മിച്ച ഇറിഗേഷൻ കനാലുകളും അക്വഡക്ടുകളും ഇടിഞ്ഞു തുടങ്ങി. നെയ്യാർഡാമിലെ ജലം മുൻകാലങ്ങളിൽ എപ്പോഴും കനാൽ വഴി തുറന്നു വിടുമായിരുന്നു.എന്നാലിപ്പോൾ ആ പതിവില്ല.

കനാൽ വഴി ജലം തുറന്നു വിടുമ്പോൾ സമീപപ്രദേശത്തെ കിണറുകൾ നിറയുകയും സമീപവാസികൾക്ക് വീട്ടാവശ്യത്തിനും കൃഷിക്കുമുള്ള ജലവും ലഭിച്ചിരുന്നു. കനാലിൽ നിന്നും ജലം കിട്ടാതായതോടെ ചെറുകിട കൃഷിത്തോട്ടങ്ങൾ ഇല്ലാതായി.

നെയ്യാർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കനാൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും കനാലുകൾ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നത്,​എന്നാലതും ഇപ്പോഴില്ല.

ജലം ഇപ്പോൾ തുറന്നു വിട്ടാൽ കനാൽക്കരയിൽ താമസിക്കുന്നവരുടെ പരാതി ഏറുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇത് ശരിയല്ല. കനാലുകൾ അറ്റകുറ്റപ്പണികൾ ചെയ്താൽ ഈ പരാതി ഒഴിവാക്കാവുന്നതേയുള്ളു. അടുത്തിടെ കനാൽക്കരയിൽ താമസിക്കന്നവരെ സംയോജിപ്പിച്ച് സംയോജിത കൃഷിക്ക് രൂപം നൽകി. സൗജന്യമായി വിത്തും വളവും നൽകിയെങ്കിലും ജലലഭ്യത ഇല്ലാതായതോടെ കൃഷിയിലൂടെ സ്വയം പര്യാപ്തത എന്ന ആ ലക്ഷ്യവും പരാജയപ്പെട്ടു.

കനാലുകൾ വേസ്റ്റ് ബിന്നായി മാറി

സ്ഥിരമായി ജലം തുറന്നു വിടാതായതോടെ കനാലുകൾ മാലിന്യം കൊണ്ടിടുവാനുള്ള ഇടമായി മാറി. മാലിന്യം കൊണ്ടിടുന്നത് തടസപ്പെടുത്തിയും കനാലുകൾ ഭംഗിയാം വിധം അറ്റകുറ്റപ്പണികൾ ചെയ്തും സ്ഥിരമായി ജലം തുറന്നു വിട്ടാൽ നെയ്യാറ്റിൻകര താലൂക്കിലും സമീപത്തെ ഏതാണ്ട് 12 പഞ്ചായത്തുകളിലേയും ജനങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ ഉത്പാദിപ്പിക്കുവാനാകും.

നെയ്യാർഡാം കമ്മിഷൻ ചെയ്യുന്നത്....1956ൽ

ഇടതുകര കനാൽ.....ദൈർഘ്യം44 കിലോമീറ്റർ

കാർഷിക ആവശ്യത്തിനുള്ള ജലവിതരണത്തിനായാണ് ഇടതുകര വലതുകര കനാലുകൾ നിർമ്മിച്ചത്.

വലതുകര കനാൽ.....ദൈർഘ്യം 34 കി.മീ

നെയ്യാർഡാമിൽ നിന്നും മുൻകാലങ്ങളിൽ സ്ഥിരമായി കൃഷി ആവശ്യത്തിന് ജലം തുറന്നു വിടാറുണ്ടെങ്കിലും കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ജലം തുറന്നു വിടുന്നില്ല.

......കർഷക കൂട്ടായ്മ, നെയ്യാറ്റിൻകര

അക്വഡക്ടുകൾ
ചില സ്ഥലങ്ങളിൽ ഭൂമി തീരെ താഴ്ന്നും മറ്റിടങ്ങളിൽ ഉയർന്നുമുള്ള ഭൂഘടനയായതിനാൽ കനാലിലെ ജലമൊഴുക്കിന്റെ വിതാനം നിലനിറുത്തുവാനായാണ് ഭൂനിരപ്പിന് മുകളിലൂടെ ജലമൊഴുക്കിവിടുന്നതിനായി

കോൺക്രീറ്റ് ചാലുകൾ നിർമ്മിച്ചത്. ഇവയാണ് അക്വഡക്ടുകൾ.

മാരായമുട്ടം, ശാസ്താന്തല, അത്താഴമംഗലം എന്നിവിടങ്ങളിലായി ഏതാണ്ട് 5 അക്വഡക്ടുകളാണ് നിർമ്മിച്ചിട്ടുള്ളത്. കാലപ്പഴക്കമേറിയിട്ടും ഈ അക്വഡക്ടുകളിൽ ഇതേ വരെ ചോർച്ച ഉണ്ടായിട്ടില്ലത്രേ.മാരായമുട്ടത്തെ അക്വഡക്ടാകട്ടെ നിർമ്മാണത്തിലെ സാങ്കേതിക വൈദഗ്ദ്ധ്യം കൊണ്ട് ഇന്നും അനേകരെ ആകർഷിക്കുന്നതാണ്.