തിരുവനന്തപുരം: ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സേവനങ്ങൾ ജനസൗഹൃദമാക്കുക, ശാഖകൾ അടച്ചുപൂട്ടാതിരിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്ന ജനസൗഹൃദ ബാങ്കായും മാതൃകാ തൊഴിൽ ദാതാവായും പ്രവർത്തിക്കണമെന്ന് ആനത്തലവട്ടം ആവശ്യപ്പെട്ടു. സംസ്ഥാനം വലിയ വികസന പരിപാടികൾക്ക് രൂപംകൊടുത്ത് മുന്നോട്ടുപോകുമ്പോൾ സ്റ്റേറ്റ് ബാങ്കിന്റെ വലിയ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ബി.ഐ.ഇ.എഫ് പ്രസിഡന്റ് സജി ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ.പി.ശിവജി , എഫ്.എസ്.ഇ.ടി.ഒ സെക്രട്ടറി ജി. ശ്രീകുമാർ, കോൺഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജേക്കബ് തോമസ്, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്.അനിൽ, ജില്ലാ സെക്രട്ടറി എസ്.എൽ.ദിലീപ് എസ്.ബി.ഐ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു