 തിരുവനന്തപുരത്ത് വി.വി. രാജേഷ്

തിരുവനന്തപുരം: ബി.ജെ.പി 10 ജില്ലകളിലെ പ്രസിഡന്റുമാരെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10ന് നാമനിർദ്ദേശ പത്രികാ സമർപ്പണം നടക്കും. തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കും. ഉച്ചയ്ക്ക് ശേഷം 3ന് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന പ്രവർത്തക സമിതി യോഗങ്ങളിൽ ഇവർ ചുമതലയേൽക്കും.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി വി.വി.രാജേഷും കൊല്ലത്ത് എസ്.എൻ.ഡി.പി യോഗം നേതാവ് ജി. ഗോപകുമാറുമാണ് ചുമതലയേൽക്കുക. അശോകൻ കുളനട (പത്തനംതിട്ട), എം.വി. ഗോപകുമാർ (ആലപ്പുഴ), കെ.എസ്. അജി (ഇടുക്കി), കെ.കെ.അനീഷ് (തൃശൂ‌ർ), ഇ.കൃഷ്ണദാസ് (പാലക്കാട്), രവി തേലത്ത് (മലപ്പുറം), വി.കെ.സജീവൻ

(കോഴിക്കോട്), സജി ശങ്കർ (വയനാട്) എന്നിവരാണ് ഇന്ന് ചുമതലയേൽക്കുന്ന മറ്ര് ജില്ലാ പ്രസിഡന്റുമാർ.

തർക്കം ഉടലെടുത്ത കാസർകോട്, കണ്ണൂർ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രസിഡന്റുമാരെ പിന്നീടേ തിരഞ്ഞെടുക്കൂ. ഇത് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാകാനാണിട.

സമവായ ചർച്ചകളിൽ കെ. ശ്രീകാന്ത് (കാസർകോട്), എം.കെ. രഞ്ജിത് (കണ്ണൂർ), എം.എൻ. വിജയൻ (എറണാകുളം), എൻ. ഹരികുമാർ (കോട്ടയം) എന്നിവർക്കായിരുന്നു പിന്തുണ. എന്നാൽ, ന്യൂനപക്ഷ - പട്ടികജാതി സംവരണം ഉറപ്പിക്കാൻ കോട്ടയം, എറണാകുളം ജില്ലകളിൽ പുതിയ പേര് കണ്ടെത്തിയെന്നാണറിയുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ജിജി ജോസഫ് എറണാകുളത്തും പട്ടികജാതി വിഭാഗത്തിലെ എൻ.കെ. ശശികുമാർ കോട്ടയത്തും പ്രസിഡന്റാകാനാണ് സാദ്ധ്യത.

കാസർകോട്ടും കണ്ണൂരും കൂടുതൽ വോട്ട് നേടിയവരോട് ആർ.എസ്.എസ് നേതൃത്വത്തിനുള്ള എതിർപ്പു കാരണമാണ് തിരഞ്ഞെടുപ്പ് മാറ്രിയത്. കണ്ണൂരിൽ എൻ. ഹരിദാസിനെയും കാസർകോട്ട് രവീശ തന്ത്രി കുണ്ടാറിനെയുമാണ് പരിഗണിക്കുന്നത്.