k1

തിരുവനന്തപുരം: വല്ലതും പഠിച്ചോ, ജയിക്കുമോ എന്ന് അടുത്തിരുന്ന അൻപത്തെട്ടുകാരി വിജയകുമാരിയുടെ ചോദ്യത്തിന് ഏഴാം ക്ലാസല്ല, പത്താം ക്ലാസ് പരീക്ഷയും പാസാകും എന്ന് ഉശിരോടെയാണ് എൺപത്തിമൂന്നുകാരി സുഭദ്ര ഉത്തരം പറഞ്ഞത്. സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് നടത്തുന്ന അക്ഷരശ്രീ പദ്ധതിയിൽ ഇന്നലെ നടന്ന ഏഴാംതരം പരീക്ഷ മിടുക്കിയായിത്തന്നെ സുഭദ്ര എഴുതിതീർത്തു. തൃക്കണ്ണാപുരം അബ്രഹാം മെമ്മോറിയൽ യൂണിയൻ ലൈബ്രറിയിലാണ് പരീക്ഷ നടന്നത്. കൊച്ചുമകൾ ഗ്രീഷ്മയാണ് തൃക്കണ്ണാപുരം ടാഗോർ റോഡിനു സമീപം താമസിക്കുന്ന സുഭദ്ര‌യെ പഠനത്തിന് സഹായിക്കുന്നത്. സാമ്പത്തിക പരാധീനതമൂലം അഞ്ചാം ക്ലാസിൽ പഠനം മുടങ്ങിയ അമ്മൂമ്മ പഠിക്കാൻ മിടുക്കിയാണെന്നാണ് ഗ്രീഷ്മയുടെ പക്ഷം. കണക്കാണ് ഇഷ്ടവിഷയം. അക്ഷരശ്രീ ഇൻസ്ട്രക്ടറായ മരുമകൾ ബിന്ദുവാണ് തുടർപഠനത്തിന് സൗകര്യമൊരുക്കിയത്.
നഗരത്തിലെ നൂറു വാർഡുകളിലായി മൊത്തം 1716 പേരാണ് ഇന്നലെ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയവരിൽ സുഭദ്ര തന്നെയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. പുത്തൻപള്ളി വാർഡിൽ പരീക്ഷയെഴുതിയ 22 വയസുള്ള ഹയറുന്നീസയാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. മാണിക്യവിളാകം വാർഡിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്- 45പേർ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലെ പരീക്ഷയാണ് ഇന്നലെ കഴിഞ്ഞത്. സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ പരീക്ഷ ഇന്ന് നടക്കും.