04

പോത്തൻകോട്: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പോത്തൻകോട് കരൂർ എക്സലിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്രന്ഥ കർത്താവും ഭാഷാ പണ്ഡിതനുമായ പ്രൊഫ.വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, കേന്ദ്ര -കേരളാ സാഹിത്യ അക്കാഡമികളുടെ അവാർഡ് ജേതാവ് എസ്.ആർ.ലാൽ എന്നിവരെ ആദരിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളായ മാസ്റ്റർ ഗൗതം, കുമാരി അവനി, റാഹത്ത്, റഹ്മത്ത്, ഭരത് എന്നിവരെയും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വേദിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ, ഹരികുമാർ, പി.പ്രമോദ്, പി.ടി.എ പ്രസിഡന്റ് അജികുമാർ, പ്രിൻസിപ്പൽ ആർ.രവീന്ദ്രൻ നായർ, ജനറൽ കൺവീനർ പി.സത്യബാലൻ, വൈസ് പ്രസിഡന്റ് ബിനു.പി.എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസത്തെ ആഘോഷപരിപാടികളിൽ കലാ - രചന - ജില്ലാതല ക്വിസ് മത്സരങ്ങളും നൃത്താഞ്ജലി ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.