വിതുര: മഞ്ഞ് പൊഴിയേണ്ട മകരത്തിൽ ചുട്ടുപൊള്ളുന്ന വെയിലേറ്റ് വാടുകയാണ് ഗ്രാമങ്ങൾ. കാലാവസ്ഥാ വ്യതിയാനം കാരണം മകരത്തിൽ മഞ്ഞിന് പകരം കനത്ത വെയിലാണ് അനുഭവപ്പെടുന്നത്. ഇക്കുറി വേനൽ കനക്കുമെന്നതിന്റെ മുന്നറിയിപ്പായാണ് പ്രകൃതിയുടെ ഈ മാറ്റത്തെ നോക്കികാണുന്നത്.
മകരച്ചൂടിൻെറ കാഠിന്യം വർദ്ധിച്ചതോടെ ഗ്രാമങ്ങൾ കുടിവെള്ളക്ഷാമത്തിലമർന്നു.
തൊളിക്കോട്, വിതുര, ആര്യനാട് പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്.തൊളിക്കോട് പഞ്ചായത്തിലെ ഉണ്ടപ്പാറ, പച്ചമല, തേക്കുംമൂട്, പുളിച്ചാമല പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ട് ആഴ്ചകളായി. ഇൗ ഭാഗങ്ങളിലെ നീരുറവകളും നീർച്ചാലുകളും വറ്റി വരണ്ടു. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. നിലവിലുള്ള ലൈനുകളിൽ കൃത്യമായി വെള്ളവും ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുടിവെള്ളക്ഷാമം അകറ്റുന്നതിനായി ആവിഷ്കരിക്കുന്ന പദ്ധതികളിൽ ഭൂരിഭാഗവും കടലാസിലാണ്. പഞ്ചായത്ത് ബജറ്റിൽ കൂടുതൽ തുക കുടിവെള്ളത്തിനായി അനുവദിക്കാറുണ്ടെങ്കിലും ഫലപ്രദമാകാറില്ല.
താഴ്ന്ന പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴുകയാണ്. ഇൗ സ്ഥിതി ഒരു മാസം കൂടി തുടർന്നാൽ ജലക്ഷാമം ഗുരുതരമാകും.
കൃഷികൾ ഉണങ്ങി
ചൂടിന്റെ കാഠിന്യംമൂലം കൃഷികൾ ഉണങ്ങിത്തുടങ്ങി.വാഴ,പച്ചക്കറി കൃഷികളാണ് കൂടുതലും ചൂടേറ്റ് നശിച്ചത്. ബാങ്കിൽ നിന്ന് ലോണടുത്താണ് മിക്ക കർഷകരും കൃഷി ഇറക്കിയത്.ഇക്കൂട്ടർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
നദികളും വറ്റി
കടുത്ത ചൂട് വ്യാപിച്ചതോടെ നദികളിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.വാമനപുരം നദിയിലെ ജലനിരപ്പ് അനുദിനം താഴുകയാണ്.കല്ലാറും വറ്റി തുടങ്ങി.കല്ലാറിലേക്ക് ബോണക്കാട്,പൊൻമുടി വനമേഖലയിൽ നിന്നും ഒഴുകിയെത്തിയിരുന്ന ചെറു നദികളും വറ്റി വരണ്ട അവസ്ഥയിലാണ്.പേപ്പാറ ഡാമിലെ അവസ്ഥയും വിഭിന്നമല്ല.
കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണം
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച ശുദ്ധജലപദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. ഏഴ് വർഷം മുമ്പ് നിർമാണം ആരംഭിച്ച പദ്ധതി അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും നിമിത്തം തടസപ്പെട്ടിരിക്കുകയാണ്. വിതുര പഞ്ചായത്തിൽ പണി പൂർത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തിലെ പണി ഇനിയും പൂർത്തിയായിട്ടില്ല.
വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ മുടങ്ങികിടക്കുന്ന ശുദ്ധജലപദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കണം,വേനൽക്കാലത്തെ കടിവെള്ള പ്രശ്നം പരിഹരിക്കുവാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം
-- ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ