തിരുവനന്തപുരം: താള മേള ലാസ്യ ഭാവങ്ങൾ സമന്വയിപ്പിച്ച് കൗമുദി നൈറ്റ് 2020 ' സംഗീത ശ്രീരാഗം' ഇന്ന് അനന്തപുരിയെ സംഗീത സാന്ദ്രമാക്കും. രാജധാനി ഗ്രൂപ്പ് മുഖ്യ സ്പോൺസറായി കേരളകൗമുദി അവതരിപ്പിക്കുന്ന പരിപാടി വൈകിട്ട് 6ന് കവടിയാർ ഗോൾഫ് ലിങ്ക്സിലുള്ള ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ആവേശത്തിര തീർക്കുക.
മലയാള ചലച്ചിത്ര സംഗീത രംഗത്ത് നാലു പതിറ്റാണ്ട് പിന്നിടുന്ന എം.ജി. ശ്രീകുമാർ നേതൃത്വം നൽകുന്ന പരിപാടിയിൽ പിന്നണി ഗായകരായ റഹ്മാൻ, ടീനു ടെല്ലൻസ്, ശ്രേയ ജയദീപ്, ഷെയ്ഖ, ഗൗരി തുടങ്ങിയവരും അണിനിരക്കും.
മന്ത്രി ഇ.പി. ജയരാജനാണ് കൗമുദി നൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ മാരായ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് കിടിലൻ കലാപ്രകടനങ്ങൾക്ക് ആരംഭമാകും.
ഗിന്നസ് റെക്കാഡ് ജേതാവ് സജീഷ് മുഖത്തലയുടെ സാഹസിക പ്രകടനം, നൃത്ത രംഗത്തെ നൂതന ശൈലികൾ അണിനിരത്തി സെറീനാസ് ഗ്രൂപ്പിന്റെ ജഗ്ലിംഗ് ആൻഡ് പോൾ ഡാൻസ് എന്നിവയുമുണ്ടാകും. സംഗീതസായാഹ്നത്തിനു മുമ്പായി ധന്വന്തരി കളരി അവതരിപ്പിക്കുന്ന 'അഗസ്ത്യം' കളരിപ്പയറ്റ് പ്രദർശനം നടക്കും.
സഫയർ, കസവുമാളിക, നിംസ് ഹാർട്ട് ഫൗണ്ടേഷൻ എന്നിവരാണ് സഹ സ്പോൺസർമാർ. ബിഗ് എഫ്.എം 92.7 ആണ് റേഡിയോ പാർട്ണർ. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. കവടിയാർ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള ആംബ്രോസിയ ബേക്കറിയിലും, ദേവസ്വം ബോർഡ് ജംഗ്ഷനിലെ സ്റ്റൈൽ പ്ലസ്, ഒാവർബ്രിഡ്ജിലെ കസവുമാളിക, കേരളകൗമുദി പേട്ട ഓഫീസ് എന്നിവിടങ്ങളിലും സൗജന്യ പാസുകൾ ലഭിക്കും.