kallumala

പാലോട്: മതമൈത്രീ സംഗമഭൂമിയായ ഇലവുപാലത്ത് സമത്വത്തിന്റെ സന്ദേശമുണർത്തി ദേശവിളക്കിന് സ്വാഗതമേകി ഇലവുപാലം ദാറുൽ ഇസ്ലാം ജമാഅത്ത്. ഇലവുപാലം കല്ലുമല തമ്പുരാൻ ദേവീക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശക്കാഴ്ചയ്ക്കാണ് ജമാഅത്ത് സ്വീകരണം നൽകിയത്.

ശാസ്താംപാട്ടും ദേശവിളക്കും കഴിഞ്ഞ് അയ്യപ്പചരിതം ഉടുക്കു കൊട്ടി പാടി ഭഗവത് പ്രീതിക്ക് ശേഷം ദേശക്കാഴ്ചയ്ക്ക് പുറപ്പെടുന്ന ചടങ്ങിനാണ് സ്വാഗതമോതാൻ ഇലവുപാലം ദാറുൽ ഇസ്ലാം ജമാഅത്ത് ഭാരവാഹികൾ എത്തിയത്.

പള്ളി അങ്കത്തിൽ ദേശവിളക്കിന് ആചാരപരമായ വരവേല്പാണ് ലഭിച്ചത്. വടക്കൻ കേരളത്തിൽ മാത്രം കണ്ടിട്ടുള്ള ശാസ്താംപാട്ടും ദേശവിളക്കും കണ്ടു തൊഴാൻ ഭക്തജനപ്രവാഹമായിരുന്നു.അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരാണ് അയ്യപ്പൻ വിളക്കിന്റെ ഈറ്റില്ലം. ഗണപതി, ഗുരു, പന്തൽ, സരസ്വതി തുടങ്ങിയവർക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. പാലകൊമ്പ് എഴുന്നള്ളിക്കൽ, പാട്ട്, അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ്‌, കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിച്ചു.